കോട്ടയം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടി ‘കരുതല്‍ – 2015’ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നു രാവിലെ ഒമ്പതിന് ആരംഭിക്കും. ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെയുള്ള ജനപ്രതിനിധികളും എല്ലാ വകുപ്പ് മേധാവികളും ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. ജനസമ്പര്‍ക്കപരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ സ്റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കിടപ്പു രോഗികളെ പരിപാടി സ്ഥലത്തു കൊണ്ടു വരേണ്ടതില്ല. ചികിത്സയുടെ പൂര്‍ണ വിവരങ്ങളടങ്ങിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി ഇവരുടെ അടുത്ത ബന്ധുക്കള്‍ എത്തിയാല്‍ മതി. ഡോക്ടര്‍മാരുള്‍പ്പെടുന്ന ഉദ്യോഗസ്ഥസംഘം കിടപ്പു രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ച് ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് അപേക്ഷ നല്‍കാനെത്തുന്നവര്‍ പ്രവേശന കവാടത്തിനടുത്തുള്ള അക്ഷയ കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്തു 30 രജിസ്‌ട്രേഷന്‍ കൗണ്ടറുകളും സ്റ്റാറ്റസ് അറിയുന്നതിനുള്ള 11 കൗണ്ടറുകളും സ്റ്റേഡിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.


