മുഖ്യമന്ത്രിക്കുള്ള മറുപടി ആന്റണി നല്‍കും; വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സുധീരന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ മാറ്റിയ മദ്യനയത്തിലുള്ള തന്റെ അതൃപ്തി എ.കെ ആന്റണി തന്നെ നേരിട്ട് കോണ്‍ഗ്രസ് നേതൃയോഗങ്ങളില്‍ പ്രകടിപ്പിക്കും. ഇതുസംബന്ധമായി ആവശ്യമെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചാല്‍ പിന്നീട് പ്രതികരിക്കാമെന്നും ആന്റണിയുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ആദ്യം ഒരു മദ്യനയം പ്രഖ്യാപിക്കുകയും പിന്നീട് സംശയകരമായ സാഹചര്യത്തില്‍ അത് തിരുത്തുകയും ചെയ്ത നടപടി ശരിയായില്ലെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളോട് ഇതിനകം തന്നെ ആന്റണി തുറന്ന് പറഞ്ഞിട്ടുണ്ട്. മദ്യനയത്തിലെ നിലപാടിന്റെ പേരില്‍ സുധീരനെ ഒറ്റപ്പെടുത്താന്‍ എംഎല്‍എമാരെ അണി നിരത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നടപടിയും ആന്റണിയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

എരിതീയില്‍ എണ്ണയൊഴിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് ഇപ്പോള്‍ പ്രതിരിക്കാത്തതെന്നും എന്നാല്‍ ഉചിതമായ സമയത്ത് താന്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ആന്റണി അടുപ്പക്കാരായ നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. ആന്റണിയെ ‘തണുപ്പിക്കാന്‍’ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം വെച്ചുപുലര്‍ത്തുന്ന കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസ്സന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ഹസ്സന്റെ വാക്കുകള്‍ക്ക് ആന്റണി ചെവി കൊടുത്തിട്ടില്ലെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന സൂചന.

മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍ പിന്നില്‍ നിന്ന് കുത്തിയ ഉമ്മന്‍ചാണ്ടിയോടുള്ള എതിര്‍പ്പ് ഇപ്പോഴും ശക്തമായുള്ള ആന്റണിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് വി.എം സുധീരനെ കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചിരുന്നത്. സര്‍ക്കാരിന്റെ ജന വിരുദ്ധനിലപാടുകളെ മുഖം നോക്കാതെ വിമര്‍ശിച്ചുപോന്നിരുന്ന വി.എം സുധീരനെ പ്രസിഡന്റാക്കിയ നടപടി എ- ഐ ഗ്രൂപ്പുകള്‍ക്കും മുഖ്യമന്ത്രിക്കും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്.

സര്‍ക്കാരിന്റെ നയ തീരുമാനങ്ങളിലും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇടപെടല്‍ നടത്തിയ സുധീരനെ സംഘടനാ തിരഞ്ഞെടുപ്പില്‍ പുകച്ചു പുറത്തു ചാടിക്കാന്‍ ശത്രുത മറന്ന് എ- ഐ ഗ്രൂപ്പുകള്‍ ഒന്നിച്ച ഘട്ടത്തില്‍ തന്നെയാണ് മദ്യ നയ വിവാദമെന്നതും ശ്രദ്ധേയമാണ്.

ആന്റണി മുഖ്യമന്ത്രി ആയിരുന്ന കാലഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ ചാരായ നിരോധനം പരാജയമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ചില കോണ്‍ഗ്രസ് നേതാക്കള്‍ നിലവിലെ മദ്യനയത്തെ ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചതും ആന്റണിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രതികരണം നല്ലതിനല്ലെന്ന നിലപാടാണ് ആന്റണി മന്ത്രിസഭയിലെ എക്‌സൈസ് മന്ത്രിയായിരുന്ന പന്തളം സുധാരകരനുമുള്ളത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന എംഎല്‍എമാരുടെ ‘യോഗത്തില്‍’മന്ത്രിമാരോട് പോലും ആലോചിക്കാതെ നയം പ്രഖ്യാപിച്ചതിലുള്ള അമര്‍ഷം ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് ആന്റണിയുടെ മനസറിഞ്ഞാണെന്നും പറയപ്പെടുന്നു.

പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍ – വൈന്‍ പാര്‍ലര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം പൊതു നന്മ കരുതിയാണെന്ന മുഖ്യമന്ത്രിയുടെ പത്രക്കുറിപ്പിലെ അവകാശ വാദത്തെ ആന്റണി തള്ളിക്കളഞ്ഞാല്‍ പിന്നെ മുഖ്യമന്ത്രിക്കസേരയില്‍ തന്നെ ഇരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് യോഗ്യതയുണ്ടാവില്ലെന്നാണ് സുധീരപക്ഷ നേതാക്കളുടെ നിലപാട്. മദ്യത്തിനെതിരായ കടുത്ത നിലപാട് സ്വീകരിച്ച് വരുന്ന ആന്റണിയുടെ നിലപാടാണ് ഹൈക്കമാന്റ് തീരുമാനമായി പുറത്തുവരിക എന്ന നിഗമനം രാഷ്ട്രീയ നിരീക്ഷകര്‍ക്കുമുണ്ട്. ഇങ്ങനെ വന്നാല്‍ മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും കൂടെ എത്ര നേതാക്കള്‍ ഉണ്ടാകുമെന്ന കാര്യവും പ്രസക്തമാണ്.

നിലവിലെ സാഹചര്യം വി.എം സുധീരന് വലിയ തോതിലുള്ള ജനപിന്‍തുണയാര്‍ജ്ജിക്കാന്‍ വഴിയൊരുക്കിയതായാണ് വിലയിരുത്തപ്പെടുന്നത്.
മുന്‍പ് വി.എസ് അച്യുതാനന്ദന്റെ നിലപാടുകള്‍ക്കെതിരെ സിപിഎം നിലപാടുകള്‍ക്ക് സമാനമായാണ് വി.എം സുധീരനെതിരായ നീക്കങ്ങളെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

വി.എസിന് പാര്‍ട്ടിയാണ് വെല്ലുവിളി ഉയര്‍ത്തിയിരുന്നതെങ്കില്‍ പാര്‍ട്ടി പ്രസിഡന്റ് സുധീരന് മുഖ്യമന്ത്രിയും ഗ്രൂപ്പുകളുമാണ വെല്ലുവിളി ഉയര്‍ത്തുന്നത്.

Top