മിന്ത്ര ഷോപ്പിങ് ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റായ മിന്ത്ര മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി മെയ് ഒന്നുമുതല്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. മിന്ത്രയുടെ എല്ലാ ചില്ലറ വ്യാപാരങ്ങളും ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാകും. മിന്ത്രയുടെ 80 ശതമാനം ഇടപാടുകളും 60 ശതമാനം വില്‍പ്പനയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നടത്താനാണ് പദ്ധതി. ഈ വര്‍ഷാവസാനത്തോടെ മൊബൈല്‍ വഴിയുള്ള വില്‍പ്പന 90 ശതമാനമാക്കും. ഇതോടെ വെബ്‌മൊബൈല്‍ ഫോര്‍മാറ്റില്‍ നിന്നും മൊബൈല്‍ ഫോര്‍മാറ്റിലേക്ക് പൂര്‍ണമായും മാറുന്ന ആദ്യ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായിരിക്കും മിന്ത്ര.

എന്നാല്‍ മിന്ത്ര ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൊബൈല്‍ വഴിയുള്ള ഇടപാടുകള്‍ക്കും ഫാഷന്‍ ഷോപ്പിങിനും ദ്രുതഗതിയിലുള്ള വളര്‍ച്ചയാണുള്ളത്. അതിനാല്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം കേന്ദ്രീകരിച്ചുള്ള വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മിന്ത്രയുടെ സഹസ്ഥാപകനും ഫ്‌ളിപ്പ്കാര്‍ട്ട് സിഎംഒയുമായ മുകേഷ് ബന്‍സാല്‍ അറിയിച്ചു.

വയര്‍ലെസ് ഇന്റര്‍നെറ്റ് സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലുള്ളവര്‍ക്ക് പുതിയ സൗകര്യം സഹായപ്രദമാകും. എന്നാല്‍ മെട്രോ നഗരങ്ങളിലുള്ളവര്‍ മിന്ത്രയുടെ നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. വെബ്‌സൈറ്റിലൂടെയുള്ള ഷോപ്പിങാണ് ഏറെ സൗകര്യപ്രദമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. കഴിഞ്ഞ വര്‍ഷമാണ് മിന്ത്രയെ 2000 കോടി രൂപയ്ക്ക് ഫ് ളിപ്പ്കാര്‍ട്ട് ഏറ്റെടുത്തത്. ഈ സാമ്പത്തികവര്‍ഷം 2000 കോടിയുടെ വില്‍പ്പന മിന്ത്ര നടത്തി. ഫാഷന്‍ വിഭാഗത്തില്‍ ഫ്‌ളിപ്പ്കാര്‍ട്ട് മിന്ത്രയുടെ ഏറ്റവും വലിയ എതിരാളി ആമസോണും സ്‌നാപ്ഡീലുമാണ്. അടുത്തിടെയാണ് ആമസോണ്‍ ഇന്ത്യയില്‍ ഫാഷന്‍ വിഭാഗം തുടങ്ങിയത്. സ്‌നാപ് ഡീല്‍ ഈ വിഭാഗത്തില്‍ നൂറ് കോടിയുടെ വരുമാനമാണ് ഓരോ വര്‍ഷവും നേടുന്നത്.

Top