മികച്ച ജീവിത സൗകര്യം തേടി പതിനാല് വര്‍ഷത്തിനിടെ 61,000 സമ്പന്നര്‍ ഇന്ത്യ വിട്ടു

ന്യൂഡല്‍ഹി :- മികച്ച ജീവിത സൗകര്യം തേടി ഇന്ത്യ വിട്ട സമ്പന്നര്‍ 61,000 പേര്‍. കഴിഞ്ഞ 14 വര്‍ഷത്തെ കണക്കാണിത്.

ന്യൂവേള്‍ഡ് ഹെല്‍ത്ത് എന്ന കസള്‍ട്ടിംങ്ങ് സര്‍വ്വീസിംങ്ങ് സംവിധാനമാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്. ചൈനയില്‍ നിന്ന് ഇക്കാലയളവില്‍ 91,000 സമ്പരും രാജ്യം വിട്ടിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, യു.എ.ഇ രാജ്യങ്ങളിലേക്കാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ചേക്കേറിയത്.

ഇന്ത്യയിലെ ഉയര്‍ന്ന നികുതി, സുരക്ഷാഭീതി, കുട്ടികളുടെ ഭാവി എന്നിവ മുന്‍നിര്‍ത്തിയാണ് സമ്പന്നര്‍ രാജ്യം വിടാന്‍ കാരണമെന്നാണ് ന്യൂവേള്‍ഡ് ഹെല്‍ത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നാലില്‍ ഒരു കോടീശ്വരന്‍ ഇത് പ്രകാരം ഇന്ത്യ വിടുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 27 ശതമാനം സമ്പന്നര്‍ മറ്റ് രാജ്യങ്ങളില്‍ ചേക്കേറി കഴിഞ്ഞു.

അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് പോവുന്ന ഇന്ത്യന്‍ സമ്പന്നര്‍ ഭാഷാപരമായ സൗകര്യം കൂടി പരിഗണിച്ചാണ് ഈ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നത്.

ഇവിടങ്ങളിലെ മികച്ച വിദ്യാഭ്യാസവും ജീവിതസൗകര്യവും അവകാശങ്ങളും ശുദ്ധവായുവുമെല്ലാം ആകര്‍ഷക ഘടകങ്ങളാണ്.

സിംഗപ്പൂര്‍, യു.എ.ഇ എന്നിവിടങ്ങളിലേക്ക് ചേക്കേറിയവരെ പ്രധാനമായും ആകര്‍ഷിച്ചത് ഈ രാജ്യങ്ങളിലെ നികുതി ഇളവുകളാണ്.

ഇന്ത്യയിലെ നികുതി ഘടന എപ്പോള്‍ വേണമെങ്കിലും മാറിമറിയാമെന്ന സാഹചര്യവും രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ പൊല്യൂഷന്‍, വൃത്തിഹീനത, മലിനമാക്കപ്പെട്ട പുഴകളും തടാകങ്ങളും, രാഷ്ട്രീയ അതിപ്രസരം,സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് പിറന്ന നാടിനോട് വിട പറയാന്‍ സമ്പന്ന വിഭാഗത്തെ പ്രേരിപ്പിച്ചത്.

ന്യൂവേള്‍ഡ് ഹെല്‍ത്ത് പുറത്തുവിട്ട ഈ വിവരങ്ങളോട് പൊരുത്തപ്പെടുന്നതാണ് ഈ കാലയളവിലെ ഇരട്ട പൗരത്വ അപേക്ഷയിലെ വലിയ വര്‍ദ്ധനവ്.

വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരാനും വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം ആകര്‍ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കിയിരിക്കെയാണ് ഇന്ത്യന്‍ സമ്പന്നര്‍ കൂട്ടത്തോടെ രാജ്യം വിടുന്നതിന്റെ കണക്കുകള്‍ ന്യൂവേള്‍ഡ് പുറത്തുവിട്ടത്.

Top