മാവോയിസ്റ്റ് ബന്ധം: തിരുവനന്തപുരത്ത് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് തിരുവനന്തപുരത്ത് അഞ്ച് പേര്‍ പിടിയിലായി. സ്വപ്‌നേഷ്, റഷീദ്, നിതിന്‍, ആരോമല്‍, പ്രശാന്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്റ്റാച്യുവില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.

ഞാറ്റുവേല സംഘം എന്ന പേരില്‍ അറിയപ്പെടുന്ന് ഇടത്തീവ്ര സ്വഭാവമുള്ള സംഘടനയിലെ അംഗങ്ങളാണിവര്‍. സ്വാതന്ത്ര്യം നുണയാണെന്ന ലഘുലേഖ ഇവര്‍ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു.

ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധിക്കണം, ഈ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജനങ്ങള്‍ പങ്കെടുക്കരുത് തുടങ്ങിയ വാചകങ്ങളും ലഘുലേഖയില്‍ ഉണ്ടായിരുന്നു. സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കടന്നു ലഘുലേഖ വിതരണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. കനത്ത സുരക്ഷയില്‍ തലസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ബന്ധമുള്ള സംഘം പിടിയിലായത്.

ഇവരെ കരുതല്‍ തടങ്കലില്‍വെച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. സംഘത്തില്‍ ഏഴുപേര്‍ ഉണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.

Top