മാലിന്യം ‘വിതറി വാരിയെടുത്ത’ സംഭവം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: വൃത്തിയാക്കിയ റോഡില്‍ മാലിന്യം വിതറി പിന്നെ വാരി പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത പരിപാടിയില്‍ അണിചേര്‍ന്ന നേതാക്കളുടെ നടപടി ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി. രാജ്യത്ത പ്രതിപക്ഷ പാര്‍ട്ടികളെ പോലും തന്റെ മുദ്രാവാക്യത്തിന്റെ കീഴില്‍ അണി നിരത്തി വലിയ പ്രതിഛായയുമായി ‘ക്ലീന്‍ ഇന്ത്യ’ പരിപാടിക്ക് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുതിയ വിവാദം തലവേദനയായിരിക്കുകയാണ്.

ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോ ഗ്രാഫര്‍ പ്രേംനാഥ് പാണ്ഡെയെടുത്ത ഈ ചിത്രം സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും വലിയ തരംഗമായി മാറുകയാണ്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയടേയും ബിജെപിയുടേയും പ്രതിഛായ തകര്‍ക്കാനാണ് മുഖ്യ പ്രതിപക്ഷമായ ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. വീണ് കിട്ടിയ ആയുധം രാജ്യവ്യാപകമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ജെ.ഡി.യു, ഇടതു പാര്‍ട്ടികള്‍ എന്നിവയും തീരുമാനിച്ചിട്ടുണ്ട്.

ഇസ്ലാമിക് സെന്ററിന് മുന്നിലെ വൃത്തിയാക്കിയ റോഡില്‍ ന്യൂഡല്‍ഹിയിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ മറ്റിടങ്ങളിലെ ചപ്പുചവറുകള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുവന്ന് തള്ളുന്നതും തുടര്‍ന്ന് ചപ്പുചവറുകള്‍ പ്രദേശത്ത് ആകെ പരത്തുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്.

ഇതിന് ശേഷം ഡല്‍ഹിയിലെ ബി.ജെ.പി അദ്ധ്യക്ഷന്‍ സതീഷ് ഉപാധ്യായും ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബി.ജെ.പിയിലേക്ക് ചേക്കേറിയ ശാസിയ ഇല്‍മിയയും സ്ഥലത്തെത്തി ശുചീകരണ പ്രവര്‍ത്തനം നടത്തി ക്യാമറകള്‍ക്കു മുമ്പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു.

വൃത്തിയായി കിടന്ന റോഡില്‍ മാലിന്യം വിതറുന്നത് പ്രസ് ഫോട്ടോഗ്രാഫര്‍ പിടിച്ച് വച്ചിരുന്നത് അറിയാതെയായിരുന്നു ബി.ജെ.പി നേതാക്കളുടെ ഈ നാടകം. ഡല്‍ഹിയിലെ നിരവധി ചേരികളില്‍ മാലിന്യം കുമിഞ്ഞുകൂടി കിടക്കവേ ഒരു പ്രത്യേക സ്ഥലത്ത് മാലിന്യം വിതറി പന്നീട് വാരി നാടകം കളിച്ചതിന് പിന്നില്‍ മറ്റു പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത പരിപാടിയില്‍ ഡല്‍ഹിയില്‍ ബി.ജെ.പി കള്ളപ്പണിയാണ് ചെയ്തിട്ടുള്ളതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു.

അതേസമയം, പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരതം പരിപാടി തകര്‍ക്കാന്‍ ചില കേന്ദ്രങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കി മുതലെടുപ്പ് നടത്തുകയാണെന്നാണ് ബി.ജെ.പി നേതാക്കള്‍ വിശദീകരിക്കുന്നത്.

Top