മാലിന്യം നീക്കം ചെയ്യാന്‍ ആം ആദ്മിയും ബി.ജെ.പിയും രംഗത്ത് ഇറങ്ങി

ന്യൂഡല്‍ഹി: ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാര്‍ 12 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചതോടെ ഡല്‍ഹിയിലെ മുതിര്‍ന്ന ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ചൂലുമായി മുന്നിട്ടിറങ്ങി. തലസ്ഥാനത്തില്‍ നടപ്പാക്കുന്ന ശുചിത്വ പരിപാടിയുടെ ഭാഗമായാണ് നേതാക്കള്‍ മാലിന്യം ഇറങ്ങിയിരിക്കുന്നത്. ഇതോടൊപ്പം ബി.ജെ.പിയും അവരുടേതായ രീതിയില്‍ ശുചിത്വ പരിപാടികളുമായി രംഗത്തെത്തി.

ശുചിത്വ തൊഴിലാളികളെ പിന്തുണയ്ക്കാന്‍ തങ്ങളുണ്ടെന്ന് ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എ.എ.പി നേതാവുമായ മനീഷ് സിസോദിയ പറഞ്ഞു. ഡല്‍ഹി ഗവണ്‍മെന്റിന് പണമില്ല, എന്നാല്‍ ജീവനക്കാര്‍ക്ക് നല്‍കാനായി തങ്ങള്‍ ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്. ബി.ജെ.പിക്ക് മാലിന്യം നീക്കം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം കൊടുക്കാനാവില്ലെങ്കില്‍ തങ്ങള്‍ക്ക് ശമ്പളം നല്‍കുന്നതിനൊപ്പം അവരെ ശുചീകരണത്തില്‍ സഹായിക്കാനുമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത 48 മണിക്കൂറുകള്‍ വീടിന് പുറത്തു തന്നെയുണ്ടാകണമെന്ന് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും തങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി ബി.ജെ.പി തലവന്‍ സതീഷ് ഉപാദ്ധ്യായ് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം നല്‍കേണ്ടത് കേന്ദ്രത്തിന്റെ ജോലിയല്ലെന്നും അത് ഡല്‍ഹി സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് ഇവിടെ മറ്റ് പാര്‍ട്ടികള്‍ ഭരിച്ചപ്പോഴൊന്നും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കേജ്‌രിവാള്‍ ഗവണ്‍മെന്റ് ബി.ജെ.പിയെ വ്യാജമായി കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാഴ്ചകളായി തുടരുന്ന ശുചിത്വ തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ടണ്‍ മാലിന്യമാണ് ഡല്‍ഹിയില്‍ പല ഭാഗങ്ങളിലുമായി കൂടിക്കിടക്കുന്നത്. ഇതിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും പരസ്പരം കുറ്റപ്പെടുത്തുകയായിരുന്നു. ജീവനക്കാര്‍ക്ക് കഴിഞ്ഞ രണ്ട് മാസത്തെ ശമ്പള കുടിശ്ശിക നല്‍കാനായി 493 കോടി രൂപ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാമെന്ന് ലഫ്. ഗവര്‍ണര്‍ നജീബ് ജങ് വെള്ളിയാഴ്ച അറിയിച്ചതോടെയാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.

Top