അരുവിക്കര: മാര്‍ക്‌സിസ്റ്റുകാര്‍ വികസന വിരോധികളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി.വികസന കാര്യത്തില്‍ മാര്‍ക്‌സിസ്റ്റുകാര്‍ 25 കൊല്ലം പുറകിലാണെന്നും ആന്റണി പറഞ്ഞു. അരുവിക്കരയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാകാന്‍ ഏറ്റവും യോഗ്യന്‍ ശബരീനാഥനാണ്. അരുവിക്കരയിലെ എല്ലാ ജനങ്ങളും ശബരീനാഥനെ എംഎല്‍എയാക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ജി.കാര്‍ത്തികേയന്‍ തുടങ്ങിവച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ശബരീനാഥനൊപ്പം എല്ലാവരും ഉണ്ടാകും. ജൂണ്‍ 27നു പോളിംഗ് ബൂത്തിലേയ്ക്ക് പോകുമ്പോള്‍ അരുവിക്കരക്കാര്‍ ആദ്യം ഓര്‍ക്കേണ്ടത് കാര്‍ത്തികേയന്റെ മുഖമാണെന്നും എ.കെ.ആന്റണി പറഞ്ഞു.
കേരളത്തിനു വേണ്ടത് ഉടക്കു രാഷ്ട്രീയമല്ല. അതിനു ഇനി പ്രസക്തിയില്ല. അതു അരുവിക്കര തെരഞ്ഞെടുപ്പിലൂടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ബോധ്യമാക്കി കൊടുക്കണം. ഒരു വര്‍ഷം കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിച്ചു. ഇന്ധനവില അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞപ്പോഴും പെട്രോളിനും ഡീസലിനും വിലകുറയ്ക്കാതെ കോര്‍പ്പറേറ്റുകളെ സഹായിച്ചു. ഇതാണ് വിലക്കയറ്റത്തിന് കാരണമായതെന്നും മോഡിയുടെ ഭരണകാലത്ത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമേ സഹായം ലഭിക്കൂ എന്നും ആന്റണി ആരോപിച്ചു.


