മാരുതി എര്‍ട്ടിഗയുടെ നവീകരിച്ച പതിപ്പ് ഒക്ടോബര്‍ പത്തിനെത്തും

എര്‍ട്ടിഗയുടെ പരിഷ്‌കരിച്ച പതിപ്പ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്ത 10നു പുറത്തിറക്കും. ഓഗസ്റ്റില്‍ ഇന്തൊനീഷയില്‍ നടന്ന രാജ്യാന്തര വാഹന പ്രദര്‍ശനത്തില്‍ അരങ്ങേറ്റം കുറിച്ച പുതിയ ‘എര്‍ട്ടിഗ’യാണ് ഇനി ഇന്ത്യയിലെത്തുന്നത്.

ട്രൈ സ്ലാറ്റ് ക്രോം ഗ്രില്‍, ഫോഗ് ലാംപിനു മുകളില്‍ ക്രോം അക്‌സന്റ്, മുന്നില്‍ പുത്തന്‍ ബംപറും എയര്‍ ഡാമുമൊക്കെയാണു കാഴ്ചയിലെ പ്രധാന മാറ്റം. സാങ്കേതികവിഭാഗത്തില്‍ മാറ്റമൊന്നുമില്ലാതെയാവും നവീകരിച്ച ‘എര്‍ട്ടിഗ’യുടെ വരവ്.

അകത്തളത്തില്‍ ഡാഷ്‌ബോഡിന്റെ ഘടനയില്‍ മാറ്റമില്ല; എങ്കിലും സ്റ്റീയറിങ് വീലില്‍ ഘടിപ്പിച്ച ബ്ലൂ ടൂത്ത് – ടെലിഫോണി കണ്‍ട്രോള്‍, ഇലക്ട്രോണിക്കലി ഫോള്‍ഡിങ് മിറര്‍, എന്‍ജിന്‍ സ്റ്റാര്‍ട് – സ്റ്റോപ് ബട്ടന്‍ എന്നിവയും ‘സിയാസി’ലും ‘എസ് ക്രോസി’ലുമുള്ളതരം സ്മാര്‍ട് പ്ലേ ടച് സ്‌ക്രീനും സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനവും പ്രതീക്ഷിക്കാം.

1.4 ലീറ്റര്‍, കെ സീരീസ് പെട്രോള്‍, 1.3 ലീറ്റര്‍ ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനുകളാണ് എം പി വിക്കു കരുത്തേകുന്നത്. ‘സിയാസ് ഹൈബ്രിഡി’ല്‍ അരങ്ങേറ്റം കുറിച്ച ഡീസല്‍ സങ്കര ഇന്ധന സാങ്കേതിക വിദ്യയായ ‘സ്മാര്‍ട് ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റം'(എസ് എച്ച് വി എസ്) സഹിതവും പുതിയ ‘എര്‍ട്ടിഗ’ വില്‍പ്പനയ്ക്കുണ്ടാവുമെന്നാണു സൂചന.

ഇത്തരം വാഹനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ സബ്‌സിഡി കൂടിയാവുന്നതോടെ ഡീസല്‍ എന്‍ജിനുള്ള മോഡലിനെ അപേക്ഷിച്ചു കുറഞ്ഞ വിലയ്ക്ക് ‘എര്‍ട്ടിഗ ഹൈബ്രിഡ്’ ലഭിക്കുമെന്ന നേട്ടവുമുണ്ട്. എം പി വി വിപണിയില്‍ ‘ഹോണ്ട മൊബിലിയൊ’, ‘ഷെവര്‍ലെ എന്‍ജോയ്’ തുടങ്ങിയരോടാവും ‘എര്‍ട്ടിഗ’യുടെ ഏറ്റുമുട്ടല്‍.

Top