മാനഭംഗക്കേസുകളില്‍ ഒത്തുതീര്‍പ്പാകാമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു

ചെന്നൈ: മാനഭംഗക്കേസുകളില്‍ ഒത്തുതീര്‍പ്പാകാമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി പിന്‍വലിച്ചു. കേസില്‍ പ്രതിക്ക് അനുവദിച്ച ജാമ്യവും കോടതി റദ്ദാക്കി. വരുന്ന 13 ന് മുമ്പ് പ്രതി കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു.

ജസ്റ്റീസ് പി.ദേവദാസായിരുന്നു മാനഭംഗക്കേസുകളില്‍ മധ്യസ്ഥതവഴി ഒത്തുതീര്‍പ്പാകാമെന്ന് വിവാദ ഉത്തവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്.

വിചാരണക്കോടതി ഏഴുവര്‍ഷം ശിക്ഷ വിധിച്ചതിനെതിരെ പ്രതി നല്‍കിയ അപ്പീലില്‍ വാദംകേള്‍ക്കവെയായിരുന്നു വിവാദ ഉത്തരവ് ഉണ്ടായത്.

പ്രതി പെണ്‍കുട്ടിയെ കണ്ട് വിവാഹത്തിന് സാധ്യതയുണ്ടോയെന്ന് ആരായണമെന്നായിരുന്നു കോടതി നിര്‍ദേശിച്ചത്. ഇതിനായി പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി മദ്രാസ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം തള്ളിക്കളഞ്ഞു.

മദ്രാസ് ഹൈക്കോടതി വിധി അന്തസിനെ ബാധിക്കുന്ന നടപടിയാണെന്നും സ്ത്രീക്ക് അവളുടെ ശരീരം പരിശുദ്ധമാണെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പിന്‍വലിച്ചത്.

2008 ല്‍ ആണ് കേസിനാസ്പമായ സംഭവം നടന്നത്. അയല്‍വാസിയായ 15 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചത്.

Top