തിരുവനന്തപുരം: ബാര്‍ കോഴയില്‍ തനിക്കെതിരെ യുഡിഎഫില്‍ ഗൂഢാലോചന നടന്നുവെന്ന ധനമന്ത്രി കെ.എം മാണിയുടെ ആരോപണം ശരിവയ്ക്കുന്ന തെളിവുകള്‍ പുറത്ത്.
ബാര്‍ കോഴ ആരോപണക്കേസില്‍ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്(1) എസ്.പി, തെളിവുകള്‍ ഉണ്ടായിട്ടും മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജി ശ്രീജിത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തുന്നതാണ് സംശയത്തിനാധാരം
സുപ്രീംകോടതിയുടെ നിലവിലെ ഉത്തരവ് പ്രകാരം പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന നിയമമാണ് മാണിയുടെ കാര്യത്തില്‍ പാലിച്ചതെന്ന ആഭ്യന്തര വകുപ്പിന്റെ വാദമാണ് ഇവിടെ പൊളിയുന്നത്.
കോഴിക്കോട് സ്വദേശി മോഹന്‍ രാജിന്റെ കുടകിലെ ഭൂമി തട്ടിയെടുക്കാന്‍ കെ.എ റൗഫിന് ഒത്താശ ചെയ്തതിനും മലപ്പുറം ഡിവൈഎസ്പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിനും നേരത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശ്രീജിത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ.എം ഷാജഹാനാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നത്.
ശ്രീജിത്ത് മലപ്പുറം ഡിവൈഎസ്പിയെ കൈക്കൂലി കേസില്‍ കുടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് തൃശൂര്‍ റേഞ്ച് ഐജിക്ക് മുന്നില്‍ മൊഴി നല്‍കിയ അന്നത്തെ കോഴിക്കോട് റേഞ്ച് വിജിലന്‍സ് എസ്.പി ഹബീബ് റഹ്മാന്‍, തന്റെ ഭൂമിതട്ടിയെടുക്കാന്‍ ഇടപെട്ടുവെന്ന് മൊഴി നല്‍കിയ മോഹന്‍രാജ്, ഇത് സംബന്ധമായി ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറി നടത്തിയ ക്രൈംബ്രാഞ്ച് എഡിജിപി അനന്ദകൃഷ്ണന്‍,മുന്‍ ഐ.ജി ഗോപിനാഥ്, മലപ്പുറം ഡിവൈഎസ്പി അഭിലാഷ് തുടങ്ങിയവരെ സാക്ഷികളാക്കിയും ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചും ഷാജഹാന്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്.
മറ്റൊരാളുടെ സിംകാര്‍ഡ് നിയമവിരുദ്ധ പ്രവര്‍ത്തിക്ക് ശ്രീജിത്ത് ഉപയോഗിച്ചുവെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരിക്കലും ചെയ്ത് കൂടാത്ത തെറ്റാണ് ഇതെന്നും ഡിജിപിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തെ എഐജി (1)ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും പരാതിയില്‍ ഷാജഹാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ തന്നെ വിജിലന്‍സ് സ്വമേധയാ കേസെടുത്ത് അന്വേഷിക്കേണ്ട ഗുരുതരമായ ഈ സംഭവത്തില്‍ ‘അട്ടിമറി’ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തെളിവുകള്‍ സഹിതം പരാതി നല്‍കാന്‍ പരാതിക്കാരനെ പ്രേരിപ്പിച്ചിരുന്നത്.
ശ്രീജിത്തിനെതിരെ ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറി നടത്തിയ ക്രൈംബ്രാഞ്ച് എഡിജിപി അനന്ദകൃഷ്ണന്‍ ശ്രീജിത്ത് തെറ്റ് ചെയ്തതായി കണ്ടെത്തി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
ഡിപ്പാര്‍ട്‌മെന്റല്‍ എന്‍ക്വയറി റിപ്പോര്‍ട്ട് മറികടക്കാന്‍ എവിടെയും കേട്ടുകേള്‍വിയില്ലാത്ത നിയമവിരുദ്ധ നടപടിയാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്.
മലപ്പുറം ഡിവൈഎസ്പിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ഇതുസംബന്ധമായ ക്രൈം കേസ് അന്വേഷിക്കുന്ന പെരിന്തല്‍മണ്ണ ഡിവൈഎസ്പി അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് തന്നെ, ശ്രീജിത്തിനെ കുറ്റവിമുക്തനാക്കി മലപ്പുറം എസ്.പി ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
തന്നെ അറിയിക്കാതെ നടപടി ക്രമങ്ങള്‍ മറികടന്ന് നേരിട്ട് എസ്.പി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ ഡിജിപി എസ്.പിയോട് വിശദീകരണം തേടിയിരുന്നെങ്കിലും ഭരണ സ്വാധീനത്താല്‍ തുടര്‍ നടപടി ഉണ്ടായിരുന്നില്ല.
മലപ്പുറം എസ്.പിയുടെ ഈ തെറ്റായ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് എഡിജിപി അനന്ദ കൃഷ്ണന്റെ റിപ്പോര്‍ട്ട് മറികടന്ന് ശ്രീജിത്തിന് ഐ.ജി ആയി പ്രമോഷന്‍ നല്‍കിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് സര്‍ക്കാരിന്റെ ഈ തീരുമാനം കാരണമായിരുന്നു. ഇതിനെതിരെ ഷാജഹാന്‍ കേന്ദ്ര ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ശ്രീജിത്തിന്റെ സസ്‌പെന്‍ഷന് ആധാരമായ കാര്യങ്ങള്‍ മാത്രമല്ല വഴിവിട്ട് ഉദ്യോഗക്കയറ്റം നല്‍കിയ നടപടിക്ക് പിന്നാലെ ‘ഇടപെടലുകളും’ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതാണെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കെ.എ റൗഫുമായി ശ്രീജിത്ത് സംസാരിക്കുന്നതിന്റെ സംഭാഷണം പൊലീസ് നിയമാനുസൃതം റിക്കോര്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തി പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നതും തുടര്‍ന്ന് സസ്‌പെന്‍ഷനിലായതും.
നിലവില്‍ ഐ.ജി ശ്രീജിത്തിന് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ നമ്പര്‍.6/2010 ആയും എറണാകുളം ഫസ്റ്റ് ക്ലാസ് കോടതി(1)ല്‍ സി.സി. നമ്പര്‍. 695/2008 ആയും രണ്ട് കേസുകള്‍ നിലവിലുണ്ട്.
ബിജു രമേശിന്റെ കൈവശമുള്ള ബാര്‍ ഉടമകളുടെ ശബ്ദരേഖ അടങ്ങിയ സി.ഡി ഏറ്റുവാങ്ങി മൊഴി രേഖപ്പെടുത്തിയും മന്ത്രി മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തും മുന്നോട്ട് പോകുന്ന വിജിലന്‍സ് എസ്.പി സുഗേഷന്‍ ശ്രീജിത്തിനെതിരായ അതീവഗുരുതര പരാതിയില്‍ സര്‍ക്കാര്‍ തന്നെ ശേഖരിച്ച തെളിവുകള്‍ ഉണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാനോ പരാതിക്കാരന്റെ മൊഴി തന്നെ രേഖപ്പെടുത്താനോ ഇതുവരെ തയ്യാറായിട്ടില്ല.
മാണിക്കെതിരെ ലഭിച്ച പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ‘ അനൗചിത്യം’ ഇവിടെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ശ്രീജിത്തിന് മുന്നില്‍ വഴിമാറിയ നിയമം മാണിയുടെ കാര്യത്തില്‍ മാത്രം നിയമത്തിന്റെ വഴിക്കായതാണ് സംശയമുണര്‍ത്തുന്നത്.
ഇടതുപക്ഷത്തിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയ മാണിയെ വിജിലന്‍സ് കേസില്‍ കുരുക്കാന്‍ ബിജു രമേശിന്റെ പരാതി സര്‍ക്കാര്‍ ആയുധമാക്കുകയായിരുന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് ഈ നടപടി.


