മാണിയുടെ മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ് ; കെപിസിസി തീരുമാനം അട്ടിമറിച്ചു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തനിക്കെതിരായ വിജിലന്‍സ് അന്വേഷണം കഴിഞ്ഞിട്ടു മതി യുഡിഎഫ് മധ്യമേഖലാ ജാഥ എന്ന ധനമന്ത്രി കെ.എം മാണിയുടെ പിടിവാശിക്കു മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി.

മധ്യമേഖലാ ജാഥ മാറ്റിവെക്കണമെന്ന കെ.എം മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും വാശിക്കു വഴങ്ങേണ്ടെന്ന കെപിസിസി നിര്‍വാഹകസമിതിയോഗ തീരുമാനം കാറ്റില്‍ പറത്തിയാണ് യുഡിഎഫ് ജാഥതന്നെ മാറ്റിവെച്ചത്.

മാണി നല്‍കിയ തീയതിയായ 27ന് ജാഥ നടത്താമെന്നു തീരുമാനിച്ചു പിരിയുകയായിരുന്നു യുഡിഎഫ് ഉന്നതാധികാര സമിതി. എറണാകുളം, ആലപ്പുഴ, കേട്ടയം, ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ മധ്യമേഖലാജാഥ 19ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്.

ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം കേരള കോണ്‍ഗ്രസിനും ഉദ്ഘാടന്‍ കെ.എം. മാണിയുമെന്നാണ് തീരുമാനിച്ചിരുന്നത്. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ച ശേഷം ജാഥ നടത്തിയാല്‍ മതിയെന്ന് കേരള കോണ്‍ഗ്രസ് കടുത്ത നിലപാട് എടുക്കുകയായിരുന്നു.

എന്നാല്‍ മാണിയുടെ ആവശ്യം തള്ളി കെപിസിസി നിര്‍വാഹക സമിതിയോഗത്തിലും ഒരു കാരണവശാലും ജാഥ മാറ്റരുതെന്ന അഭിപ്രായമാണുയര്‍ന്നത്. വി.എം. സുധീരനും ഇതേ നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയായിരുന്നു. വി.ഡി സതീശനും കെ. മുരളീധരനും അടക്കമുള്ള നേതാക്കള്‍ ജാഥ മാറ്റുന്നതിനെതിരേ ശക്തമായി രംഗത്തു വന്നിരുന്നു.

ജാഥ മാറ്റിവയ്ക്കുന്നത് ആത്മഹത്യാപരമാണെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ കെപിസിസി യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ മാണിയുമായി സമവായമുണ്ടാക്കി തിയ്യതി മാറ്റാം എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്.

യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് തീരുമാനത്തേക്കാള്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് വിജയം കണ്ടത്. സര്‍ക്കാരിലെ അഴിമതിയിലും കോണ്‍ഗ്രസ് മന്ത്രിമാര്‍ ആഴ്ചയില്‍ നാലു ദിവസം തലസ്ഥാനത്തുവേണമെന്ന കെപിസിസി മാര്‍ഗരേഖയിലും മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു.

മധ്യമേഖലാ ജാഥയിലെ കെപിസിസി തീരുമാനം അട്ടിമറിച്ചതിനാല്‍ മന്ത്രിമാര്‍ക്കുള്ള നിയന്ത്രണവും നടപ്പിലാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Top