തിരുവനന്തപുരം: മുഖ്യമന്ത്രി പറഞ്ഞിട്ടാണ് എക്‌സൈസ് മന്ത്രി കെ. ബാബുവിനും ധനമന്ത്രി കെ.എം. മാണിക്കും ബാര്‍ അസോസിയേഷന്‍ കോഴ നല്‍കിയതെന്ന് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വിജിലന്‍സില്‍ മൊഴി നല്‍കി. ഇക്കാര്യം ബാര്‍ അസോസിയേഷന്‍ പ്രതിനിധി രാജ്കുമാര്‍ ഉണ്ണി തന്നോടു വെളിപ്പെടുത്തിയിരുന്നുവെന്നും ജോര്‍ജ് വിജിലന്‍സിനെ അറിയിച്ചു.
മാണിക്ക് ഒരു കോടി രൂപ നല്‍കിയിട്ട് പത്ത് കോടി ബാബുവിന് കൊടുത്തത് മാണിയെ ചൊടിപ്പിച്ചു. ചുരുങ്ങിയത് അഞ്ച് കോടിയെങ്കിലും വേണമെന്ന് മാണി ആവശ്യപ്പെട്ടെന്നും കുഞ്ഞാലിക്കുട്ടിക്ക് പണം വാഗ്ദാനം ചെയ്തപ്പോള്‍, മദ്യം വിറ്റുള്ള പണം ആവശ്യമില്ല എന്ന് അദ്ദേഹം മറുപടി നല്‍കിയെന്ന് രാജ്കുമാര്‍ ഉണ്ണി പറഞ്ഞതായും പി.സി ജോര്‍ജ് മൊഴി നല്‍കി.
മാണിയുടെ മന്ത്രിസ്ഥാനം ഉപയോഗിച്ച് ഭാര്യ കുട്ടിയമ്മയും മകനും എംപിയുമായ ജോസ് കെ.മാണിയും അഴിമതി നടത്തുന്നുണ്ടെന്നും ജോര്‍ജ് വിജിലന്‍സിനോട് പറഞ്ഞു.
കരുനാഗപ്പള്ളി ഗസ്റ്റ് ഹൗസില്‍ വെച്ച് 2014 ഏപ്രില്‍ 28നാണ് രാജ്കുമാര്‍ ഉണ്ണിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതെന്നും മൊഴി നല്‍കിപുറത്തുവന്ന ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.
ജോര്‍ജിന്റെ ആവശ്യപ്രകാരമാണു വിജിലന്‍സ് ഇന്നു മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എ ഹോസ്റ്റലില്‍ എത്തി എസ്പി സുഗേശനാണു ജോര്‍ജിന്റെ മൊഴിയെടുത്തത്.


