മാഗി ന്യൂഡില്‍സില്‍ മായമില്ലെന്ന് പുതിയ പരിശോധനാഫലം

ന്യൂഡല്‍ഹി: മാഗി നൂഡില്‍സില്‍ മായമില്ലെന്ന് പരിശോധനാഫലം. ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരമുളള സെന്‍ട്രല്‍ ഫുഡ് ടെക്‌നോളെജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൈസൂര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് മായമില്ലെന്ന് കണ്ടെത്തിയത്.

ഗോവ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ പരിശോധനക്കായി അയച്ച അഞ്ച് സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയില്‍ ഈയത്തിന്റെ അളവ് അനുവദനീയമായ അളവിലും താഴെയാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

മാഗി നൂഡില്‍സ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നേരത്തെ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യയോട് മുംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മാഗി നൂഡില്‍സ് നിരോധിച്ചതിനെതിരെ നെസ്‌ലെ ഇന്ത്യ മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് വീണ്ടും പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചത്.

അനുവദനീയമായ അളവില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ അഞ്ചിന് രാജ്യത്ത് മാഗി നൂഡില്‍സ് നിരോധിച്ചത്.

Top