ലക്‌നൗ: മാഗി ന്യൂഡില്‍സ് നിര്‍മ്മാതാക്കളായ നെസ്റ്റ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിക്കൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.
മാഗി നൂഡില്‍സില്‍ രുചി വര്‍ദ്ധിപ്പിക്കുന്നതിനായി അപകടകരമായ അളവില്‍ ലെഡും മോണോസോഡിയവും ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു.
മാഗിയില്‍ മായം കണ്‌ടെത്തിയതിനെ തുടര്‍ന്ന് 20,000 ത്തോളം പായ്ക്കറ്റ് തിരിച്ചു വിളിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്കിയിരുന്നു. മായം കലര്‍ന്ന മാഗിയുടെ സാമ്പിള്‍ ശേഖരിച്ച് ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനയ്ക്ക് അയച്ചു. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
അതേസമയം മാഗിയുടെ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനും ഉത്തരാഖണ്ഡിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നോട്ടീസ് അയച്ചു. 15 ദിവസത്തിനകം മറുപടി നല്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ മാഗി ന്യൂഡില്‍സില്‍ അപകടകരമായ ഒന്നും ചേര്‍ത്തിട്ടില്ലെന്നും ഇക്കാര്യം സ്വതന്ത്ര ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് അധികൃതര്‍ക്ക് നല്കുമെന്നും നെസ്‌ലെ അറിയിച്ചു.


