മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെക്കെതിരെ 206 കോടി രൂപയുടെ അഴിമതി ആരോപണം

മുംബൈ: മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളും മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രിയുമായ പങ്കജ മുണ്ടെക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത്. സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്കായുള്ള സ്‌കൂളുകളിലേക്ക് പുസ്തകങ്ങളും മറ്റ് സാധനങ്ങളും ടെന്‍ഡര്‍ നടപടി ഇല്ലാതെ വാങ്ങി 206 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.

സംസ്ഥാന അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് അദ്ദേഹം രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. ദേവേന്ദ്ര ഫട്‌നവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി- ശിവസേനാ സര്‍ക്കാറിനെതിരെ ഉയരുന്ന ആദ്യ ഗുരുതര അഴിമതി ആരോപണമാണിത്.

വേണ്ട നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് പട്ടികവര്‍ഗ സ്‌കൂളുകള്‍ക്കുള്ള അവശ്യ വസ്തുക്കള്‍ക്ക് വേണ്ടി കരാറുകള്‍ ഉറപ്പിച്ചതെന്ന് സച്ചിന്‍ സാവന്ത് പരാതിയില്‍ പറയുന്നു. ആകെ 24 കരാറുകളാണ് നല്‍കിയത്. മൊത്തം കരാര്‍ തുക 206 കോടി വരും. സ്‌കൂളുകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍, അടുക്കളപ്പാത്രങ്ങള്‍ തുടങ്ങി ജലസംഭരണികളും ജലശുദ്ധീകരണ യൂണിറ്റുകളും വരെ വാങ്ങാനായിരുന്നു ഈ കരാറുകള്‍.

Top