മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ശനിയാഴ്ചയായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം. 91 പേര്‍ പത്രിക സമര്‍പ്പിച്ച നാന്ദെദ് സൗത്ത് മണ്ഡലമാണു സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. ഗുഹാഗര്‍, മാഹിം, കുദല്‍ മണ്ഡലങ്ങളില്‍ ഒമ്പതു സ്ഥാനാര്‍ഥികള്‍ വീതമേയുള്ളൂ. ചൊവ്വാഴ്ചയാണു പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം.

ബഹുകോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 288 സീറ്റിലും മത്സരിക്കുന്നു. ശിവസേനയും എന്‍സിപിയും 286ലും ബിജെപി 257ലും മത്സരിക്കുന്നു. 31 സീറ്റുകള്‍ സഖ്യകക്ഷികള്‍ക്കായി ബിജെപി നീക്കിവച്ചിട്ടുണ്ട്. ഗോപിനാഥ് മുണെ്ടയുടെ മകന്‍ പങ്കജ മത്സരിക്കുന്ന പാര്‍ലി, അരുണ്‍ ഗാവ്‌ലിയുടെ മകള്‍ ഗീത മത്സരിക്കുന്ന ബൈക്കുള മണ്ഡലങ്ങളില്‍ ശിവസേനയ്ക്കു സ്ഥാനാര്‍ഥികളില്ല.

മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കരാഡ് സൗത്ത് മണ്ഡലത്തില്‍ പത്രിക നല്കി. 1999ല്‍ കരാഡ് ലോക്‌സഭാ മണ്ഡലത്തിലെ തോല്‍വിക്കുശേഷം ചവാന്‍ ആദ്യമായാണു മത്സരിക്കുന്നത്. കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ നാരായണ്‍ റാണെ രത്‌നഗിരിയിലെ കുദല്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു. എന്‍സിപി നേതാവും ആഭ്യന്തരമന്ത്രിയുമായിരുന്ന ആര്‍. ആര്‍. പാട്ടീല്‍ സാംഗ്ലിയിലെ ടാസ്ഗാവില്‍ പത്രിക സമര്‍പ്പിച്ചു.

Top