മഹാരാഷ്ട്രയില്‍ മന്ദഗതിയില്‍, ഹരിയാനയില്‍ ഉയര്‍ന്ന പോളിംഗ്

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ പോളിംഗ് മന്ദഗതിയിലാണ്. എന്നാല്‍ ഹരിയാനയില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. ഉച്ചയ്ക്ക് മൂന്നു മണിവരെ 57 ശതമാനം പേര്‍ ഹരിയാനയില്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. മഹാരാഷ്ട്രയില്‍ 46 ശതമാനം മാത്രമാണാണ് ഇതുവരെ രേഖപ്പെടുത്തിയത്.

രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചു മണിക്കാണ് അവസാനിക്കുക. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കും ഹരിയാനയിലെ 90 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം തിങ്കളാഴ്ച അവസാനിച്ചിരുന്നു.

രാഷ്ട്രീയ സഖ്യങ്ങള്‍ തകര്‍ന്ന മഹാരാഷ്ട്രയില്‍ ശക്തമായ പഞ്ചകോണ മത്സരമാണ് അരങ്ങേറുന്നത്. ബി.ജെ.പി, ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി, എം.എന്‍.എസ് എന്നീ കക്ഷികള്‍ തമ്മിലാണ് പോരാട്ടം. മോദിയുടെ ബലത്തില്‍ ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിക്കുമെന്നാണ് വിവിധ സര്‍വേകളുടെ പ്രവചനം. കോണ്‍ഗ്രസിന്റെ വിലാസ്‌റാവ് ദേശ്മുഖ്, ശിവസേനാ തലവന്‍ ബാല്‍താക്കറെ, ബി.ജെ.പിയിലെ ഗോപിനാഥ് മുണ്ടെ എന്നിവരുടെ അഭാവമാണ് മുഴച്ചുനില്‍ക്കുന്നത്. 2009ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 82, എന്‍.സി.പി 62, ബി.ജെ.പി 46, ശിവസേന44, എം.എന്‍.എസ്13, പി.ഡബ്യു.പി4, എസ്.പി4, ബി.വി.എ2, സി.പി.എം1, മറ്റുള്ളവര്‍ 30 സീറ്റുകളാണ് നേടിയത്.

ഹരിയാനയില്‍ മൂന്നാം ഊഴം ലക്ഷ്യമാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞടുപ്പിനെ നേരിടുന്നത്. നിലവിലെ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയം സ്വന്തമാക്കിയ ബിജെപി ഒറ്റയക്കാണ് മത്സരിക്കുന്നത്. ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യന്‍ നാഷനല്‍ ലോക്ദളും മത്സര രംഗത്തുണ്ട്. 2009ലെ തെരഞ്ഞെടുപ്പില്‍ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസ് 40, ലോക്ദള്‍ 3, എച്ച്.ജെ.സി 5, ബി.ജെ.പി 4 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്.

Top