മസ്ജിദുല്‍ അഖ്‌സയില്‍ തല്‍സ്ഥിതി തുടരണമെന്ന് ജോണ്‍ കെറി

വാഷിങ്ടണ്‍: കിഴക്കന്‍ അധിനിവിഷ്ട ജറുസലേമിലെ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടില്‍ നിലവിലെ സ്ഥിതി തുടരണമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. പ്രകോപന പ്രവൃത്തികളില്‍നിന്ന് ഇസ്രായേലികളോട് വിട്ടുനില്‍ക്കാനും ജോണ്‍ കെറി ടെലിഫോണ്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടതായി ഇസ്രായേലി റേഡിയോ റിപോര്‍ട്ട് ചെയ്തു.

തീവ്ര വലതുപക്ഷ ജൂത റബ്ബിക്ക് വെടിയേറ്റതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സ അടച്ചുപൂട്ടുകയും പ്രാര്‍ഥനയ്‌ക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മസ്ജിദ് അടച്ചുപൂട്ടിയ നടപടിക്കെതിരേ ആഗോളവ്യാപകമായി പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി ഇസ്‌ലാംമത വിശ്വാസികള്‍ക്ക് പള്ളി തുറന്നുകൊടുത്തെങ്കിലും 50 വയസ്സിനു താഴെയുള്ളവരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

അതേസമയം, ഇസ്രായേലി പ്രധാനമന്ത്രിയെ കോഴിക്കാഷ്ഠത്തോട് ഉപമിച്ച മുതിര്‍ന്ന യു.എസ്. നയതന്ത്രപ്രതിനിധിയുടെ പരാമര്‍ശത്തില്‍ കെറി നെതന്യാഹുവിനോട് ക്ഷമാപണം നടത്തി. വെള്ളിയാഴ്ച ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും ജോണ്‍ കെറി ടെലിഫോണില്‍ ബന്ധപ്പെട്ടു. മേഖലയിലെ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Top