കോയമ്പത്തൂര്‍: തിങ്കളാഴ്ച പൊലീസിന്റെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഗൂഢാലോചന, സംഘം ചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് തമിഴ്‌നാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇന്നലെ രൂപേഷും സംഘവും യോഗം ചേര്‍ന്നതായി തെളിഞ്ഞ സാഹചര്യത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കോയമ്പത്തൂരിലെ കരുമത്തംപട്ടിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയോടെയാണ് ആന്ധ്ര പൊലീസ് രൂപേഷിനെ അറസ്റ്റ് ചെയ്തത്. രൂപേഷിന്റെ ഭാര്യ ഷൈന, കര്‍ണാടക സ്വദേശി കണ്ണന്‍, തമിഴ്‌നാട് സ്വദേശി വീരമണി, മലയാളിയായ അനൂപ് എന്നിവരും അറസ്റ്റിലായി.
ഇവരുടെ കൈയില്‍ നിന്ന് വിവിധ ഭാഷകളിലുള്ള ലഘുലേഖകളും 27 മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ലഘുലേഖകള്‍. രണ്ട് പെന്‍ഡ്രൈവുകളും, ഒരു ടാബ്ലെറ്റും മുപ്പതിനായിരം രൂപയും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തതായാണ് വിവരം.
രൂപേഷിന്റെയും കൂട്ടരുടേയും കൈവശമുണ്ടായിരുന്ന സിം കാര്‍ഡും ഡയറിയും കണ്ടെടുത്തു. പോലീസ് പിടികൂടിയ സമയത്ത് ഇവര്‍ ഇതു വലിച്ചെറിഞ്ഞിരുന്നു. നാട്ടുകാരാണ് ഇവ കണ്ടെടുത്ത് പോലീസിനു നല്‍കിയത്.
തമിഴ്‌നാട് ക്യൂ ബ്രാഞ്ച്, കേരള പൊലീസിന്റെ പ്രത്യേക സംഘം എന്നിവരുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്.


