മഴ: ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റില്‍ സമനില ഉറപ്പായി

ഫത്തുല്ല: മഴ കളി തുടരുന്ന ഇന്ത്യ-ബംഗ്ലാദേശ് ഫത്തുല്ല ടെസ്റ്റില്‍ സമനില ഉറപ്പായി. മഴ മൂലം അവസാന ദിവസമായ ഇന്നും ഇതുവരെ മത്സരം ആരംഭിക്കാനായിട്ടില്ല. ഒടുവില്‍ പിച്ച് പരിശോധിച്ച അമ്പയര്‍മാര്‍ 12.45 ന് ഇന്നത്തെ മത്സരം ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. മഴക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ ഈ സമയത്ത് കളിയാരംഭിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

ഇരു ടീമുകള്‍ക്കും ഓരോ ഇന്നിങ്‌സ് പോലും പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യത്തില്‍ അര ദിവസം മാത്രം ശേഷിക്കേ ഇനി മത്സരത്തിന് റിസല്‍ട്ട് ഉണ്ടാകാനിടയില്ല. നാലര ദിവസത്തിനിടെ ടെസ്റ്റില്‍ എറിയാനായത് 134.4 ഓവറുകള്‍ മാത്രമാണ്. ഇരു ക്യാപ്റ്റന്‍മാരും സമ്മതിച്ചാല്‍ ഇനി കളിക്കാതെ ടെസ്റ്റ് സമനിലയില്‍ പിരിയാനും സാധ്യതയുണ്ട്.

ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ 462/6 എന്ന സ്‌കോറിനെതിരെ ബംഗ്ലാദേശ് മൂന്നിന് 111 എന്ന നിലയിലാണിപ്പോള്‍. ഇമ്രുള്‍ കൈസും (59) ഷാക്കിബല്‍ ഹസനുമാണ് (0) ക്രീസില്‍. തമീം ഇഖ്ബാല്‍ (19), മോമിനുള്‍ ഹഖ് (30), മുഷ്ഫിഖുര്‍ റഹ്മാന്‍ (2) എന്നിവരാണ് പുറത്തായ ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍. ഇന്ത്യക്കായി രവി അശ്വിന്‍ രണ്ടും ഹര്‍ഭജന്‍ സിങ് ഒന്നും വിക്കറ്റ് വീഴ്ത്തി.

പരമ്പരയില്‍ ഒരു ടെസ്റ്റ് മാത്രമാണുള്ളത്.

Top