മഴയ്ക്ക് പകരം റണ്‍ മഴ കാത്ത് കൊച്ചി

കൊച്ചി: മൂടിക്കെട്ടിയ ആകാശം ക്രിക്കറ്റ് പ്രേമികളെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ഇന്ന് സ്‌റ്റേഡിയത്തില്‍ മഴയ്ക്ക് പകരം റണ്‍മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.

ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചെന്നു പേരു കേട്ട കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കാണികള്‍ കാത്തിരിക്കുന്നത് ബാറ്റിംഗ് വെടിക്കെട്ടു തന്നെയാണ്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ആരായാലും മികച്ച റണ്‍സെടുക്കുമെന്നു തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ആദ്യം ബാറ്റ് ചെയ്ത് 211 റണ്‍സിന് തകര്‍ന്നടിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ഇത്തവണ ആഞ്ഞടിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ആദ്യ ഒവറില്‍ തന്നെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിന്റെ അപ്രതീക്ഷിത റണ്‍ ഔട്ടായിരുന്നു കഴിഞ്ഞ തവണ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്തത്. ഇത്തവണ ക്രിസ് ഗെയില്‍ ടീമില്‍ ഇല്ലെങ്കിലും കീറണ്‍ പൊള്ളാഡും ബ്രാവോയും ഉള്‍പ്പെടെയുള്ളവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഡാരണ്‍ ബ്രാവോയും സുളിമാന്‍ ബെന്നും ഉള്‍പ്പെടെയുള്ളവരും ഫോമിലായാല്‍ കൊച്ചിയില്‍ ബാറ്റിംഗ് വെടിക്കെട്ടു തന്നെയാണ് നടക്കാന്‍ പോവുക.

മറുവശത്ത് വെടിക്കെട്ട് വീരന്‍ ശിഖര്‍ ധവാനും രഹാനയും തുടങ്ങി വെയ്ക്കുന്ന റണ്‍ വേട്ട ക്യാപ്റ്റന്‍ ധോണിയും റെയ്‌നയും ഉള്‍പ്പെടെയുള്ളവര്‍ ഏറ്റു പിടിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തുന്ന ഏതു ലക്ഷ്യവും എളുപ്പത്തില്‍ എത്തിപ്പിടിക്കാനാവും. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും റായിഡുവും അവസരത്തിനൊത്തുയര്‍ന്നാല്‍ കൊച്ചി റണ്‍മഴയില്‍ മുങ്ങുമെന്നുറപ്പാണ്. കൊച്ചിയില്‍ കളിച്ച രണ്ടു കളികളിലും മികച്ച പ്രകടനം പുറത്തെടുത്ത ജഡേജ ഇത്തവണയും അതേ പ്രകടനം തന്നെ പുറത്തെടുത്തേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ തവണ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയില്ലെങ്കിലും വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്നു വിക്കറ്റുകള്‍ കൊയ്താണ് ജഡേജ താരമായത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്ന മത്സരത്തില്‍ ജഡേജ പന്തുകൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ഓപ്പണിംഗ് ബാറ്റ്‌സമാമാര്‍ പെട്ടന്ന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ധോണിക്കൊപ്പം പിടിച്ചു നിന്ന് ടീമിന്റെ ജയത്തില്‍ നിര്‍ണായകമായ 61 റണ്‍സാണ് അന്ന് ജഡേജ എടുത്തത്. വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടു വിക്കറ്റുകളും തെറിപ്പിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന ദുലീപ് ട്രോഫി സെമി, ഫൈനല്‍ മത്സരങ്ങള്‍ മഴമൂലം മുടങ്ങിയത് ക്രിക്കറ്റ് ആരാധകരുടെ മനസിലുണ്ട്. എന്നാല്‍ ഇത്തവണ അത്തരമൊരു സാഹചര്യമുണ്ടാകില്ലെന്ന് കെ.സി.എ പ്രസിഡന്റ് ടി.സി. മാത്യു പറഞ്ഞു. മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത വലിയ വ്യാസമുള്ള നാല് പൈപ്പുകളിലൂടെയാണ് മൈതാനത്തുനിന്നുള്ള വെള്ളം ഒഴുക്കിക്കളയുന്നത്. ഓരോ അഞ്ച് മീറ്റര്‍ ഇടവിട്ടും ഈ പൈപ്പുകളെ പരസ്പരം ചെറിയ പൈപ്പുകള്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി അതിവേഗം വെള്ളം ഒലിച്ചുപോവുകയും ചെയ്യും. മഴ പെയ്യുകയാണെങ്കില്‍ത്തന്നെ, വിക്കറ്റ് മാത്രമല്ല, മുഴുവന്‍ ഗ്രൗണ്ടും മൂടാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇരുപത് പേര്‍ വീതം ആറുവശങ്ങളില്‍ നിന്ന് പത്ത് മിനിറ്റിനുള്ളില്‍ മൈതാനം കവര്‍ ചയ്യുന്ന രീതിയാണ് നടപ്പാക്കുകയെന്നും മാത്യു പറഞ്ഞു.

Top