മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജക്കാര്‍ത്ത: കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങളെന്ന് കരുതുന്ന ഭാഗങ്ങള്‍ ജാവാ കടലിടുക്കില്‍ നിന്ന് കണ്ടെത്തി. വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ബര്‍ണിയോ ദ്വീപിന് സമീപം കടലില്‍ ഒഴുകി നടക്കുന്നതായാണ് കണ്ടെത്തിയത്. കടലിലും കരയിലുമായി 13 മേഖലകളില്‍ തിരച്ചില്‍ തുടരുകയാണ്. ഇന്നു രാവിലെ മുതല്‍ തിരച്ചില്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചിരുന്നു.

തകര്‍ന്നു വീണ വിമാനം ഇപ്പോള്‍ കടലിന്റെ അടിത്തട്ടിലായിരിക്കുമെന്ന് ഇന്തോനേഷ്യയുടെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി തലവന്‍ സെലസ്റ്റിയോ പറഞ്ഞു. രണ്ട് ഹെര്‍ക്കുലീസ് വിമാനങ്ങളുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. സിംഗപ്പൂര്‍ നാവികസേനയുടെ രണ്ട് കപ്പലുകളും മലേഷ്യയുടെ മൂന്ന് കപ്പലുകളും ഓസ്‌ട്രേലിയന്‍ വ്യോമസേനയും തെരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സഹായവാഗ്ദാനം നടത്തുകയും ചെയ്തു.

ഇന്തൊനീഷ്യയിലെ സുരബായയില്‍നിന്നു സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ 162 പേരുമായാണ് എയര്‍ ഏഷ്യ വിമാനം കാണാതായത്. ദക്ഷിണ ചൈനാ കടലിനും ജാവാ കടലിനുമിടയിലെ ബെലിട്ടങ് ദ്വീപിനു തെക്കു-കിഴക്ക് 185 കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണു വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്.

Top