ബീഫ് ഫെസ്റ്റ് നടത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരായ നടപടി റദ്ദാക്കി

മലപ്പുറം: ബി.ജെ.പി സര്‍ക്കാരുകളുടെ ഗോവധ നിരോധനത്തിനെതിരെ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരായ നടപടി സംസ്ഥാന നേതൃത്വം റദ്ദാക്കി.

നാടെങ്ങും ബീഫ് ഫെസ്റ്റ് നടത്തി പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐയെ നാണം കെടുത്തുന്നതായിരുന്നു വണ്ടൂരില്‍ ബീഫ് ഫെസ്റ്റ് നടത്തിയതിന്റെ പേരില്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത്.

ഡി.വൈ.എഫ്.ഐ വണ്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ.കെ ശിഹാബുദ്ദീന്‍, പഞ്ചായത്ത് ട്രഷറര്‍ വി. സുഫിയാന്‍ എന്നിവരെ സ്ഥാനത്തുനിന്നും നീക്കിയ നടപടിയാണ് സംസ്ഥാന സെക്രട്ടറി എം.സ്വരാജ് പങ്കെടുത്ത യോഗത്തില്‍ റദ്ദാക്കിയത്.

നേരത്തെ സി.പി.എം ഏരിയാ സെക്രട്ടറി സി.പി.എം അംഗത്വമുള്ള ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നെടുത്ത തീരുമാനമാണ് ഇതോടെ തിരുത്തിയത്.

ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത സി.പി.എം ലോക്കല്‍ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാര്‍, പഞ്ചായത്തംഗം എന്നിവരെ ഒഴിവാക്കി നേതൃത്വം നല്‍കിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ മാത്രം നടപടിയെടുത്തത് വിവാദമായിരുന്നു.

സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളില്‍ ചിലരുടെ പാര്‍ട്ടിവിരുദ്ധ നടപടികള്‍ ചൂണ്ടികാണിച്ചതിലെ വൈരാഗ്യം തീര്‍ക്കാനായിരുന്നു നടപടിയെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

നേതാക്കളുടെ വ്യക്തിതാല്‍പര്യമാണ് നടപടിക്കുപിന്നിലെന്നു കാണിച്ച് നടപടി നേരിട്ടവര്‍ സി.പി.എം, ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വങ്ങള്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ നടപടി തന്നെ റദ്ദാക്കിയിരിക്കുന്നത്.

Top