മരുഭൂമിയിൽ ഒരുക്കിയ വിസ്മയം;വാലിബന്റെ മേക്കിം​ഗ് വീഡിയോ പുറത്ത്

തിയേറ്ററിൽ വിസ്മയം തീർക്കുന്ന മലൈക്കോട്ടൈ വാലിബന്റെ മേക്കിം​ഗ് വീഡിയോ പുറത്തിറക്കി സിനിമയുടെ അണിയറ പ്രവർത്തകർ. രാജസ്ഥാൻ മണ്ണിൽ മലയാളത്തിന്റെ അത്ഭുത സിനിമ എങ്ങനെ ​ഗംഭീരമായി പൂർത്തിയാക്കി എന്ന് വീഡിയോ കാണിച്ചു തരുന്നു. സംഘട്ടന രം​ഗങ്ങളും മരുഭൂമിയിലെ രാവും പകലുമെല്ലാം എങ്ങനെ ചിത്രീകരിക്കുന്നുവെന്നും ഓരോ രം​ഗങ്ങളും സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി എങ്ങനെ വാർത്തെടുക്കുന്നുവെന്നും പുറത്തുവിട്ട വീഡിയോയിൽ നിന്നും വ്യക്തമാകും. നടൻ മോഹൻലാലാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

ഹേറ്റ് ക്യാമ്പെയ്നുകളെയെല്ലാം മറി കടന്ന് തീയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുകയാണ് മോഹൻലാല‍്‍-ലിജോ കൂട്ടുക്കെട്ട്. കാൻവാസ് കൊണ്ടും ഫ്രെയിമുകൾ കൊണ്ടും പശ്ചാത്തല സം​ഗീതം കൊണ്ടും മേക്കിം​ഗും കൊണ്ടെല്ലാം ഇന്നുവരെ മലയാള സിനിമ കാണാത്ത കാഴ്ചകളാണ് മലൈക്കോട്ടൈ വാലിബൻ സമ്മാനിക്കുന്നത്. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബൻ എന്ന മല്ലനായി പകർന്നാടിയ മോഹൻലാലും അത്ഭുതപ്പെടുത്തുന്നു.

ജനുവരി 25-ന് പുറത്തിറങ്ങിയ ചിത്രം കയ്യടികൾ നേടി മുന്നേറുകയാണ്. മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. പി.എസ് റഫീക്കിന്റേതാണ് തിരക്കഥ. ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Top