മരണത്തിന് ശേഷവും ഓര്‍മയുണ്ടാകും

ന്യൂഡല്‍ഹി: മരണത്തിന് ശേഷം മൂന്നുമിനിറ്റുവരെ ഓര്‍മയുണ്ടാകുമെന്ന് മെഡിക്കല്‍ പഠനം. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോക്റ്റര്‍മാരാണ് അത്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകള്‍ക്കു പിന്നില്‍. ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും സതാംപ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ മുന്‍ റിസെര്‍ച്ച് ഫെലോയുമായ ഡോ. സാം പര്‍ണിയ അടങ്ങുന്ന സംഘമാണു പഠനം നടത്തിയത്. നാലു വര്‍ഷം നീണ്ടുനിന്നു പഠനം.
ഹൃദയാഘാതത്തെത്തുടര്‍ന്നു വൈദ്യശാസ്ത്രപരമായി മരിച്ച്; പിന്നീട്, സാധാരണജീവിതത്തിലേക്കു തിരിച്ചുവന്നവരിലാണു പഠനം നടത്തിയത്. 40 ശതമാനത്തോളം ആളുകള്‍ക്കും ഈ സമയത്തു സംഭവിച്ചത് ഓര്‍മിക്കാന്‍ കഴിയുന്നുണ്ട്. ഹൃദയം നിലച്ചാല്‍ 20 മുതല്‍ 30 സെക്കന്‍ഡിനുള്ളില്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്നാണു ശാസ്ത്രമതം. പിന്നെ ഒന്നും തിരിച്ചറിയാനോ, ഓര്‍ത്തെടുക്കാനോ സാധിക്കില്ല. എന്നാല്‍, ഇതിനെ അപ്പാടെ നിരാകരിക്കുന്നതാണു ഗവേഷണഫലങ്ങള്‍.

പഠനവിധേയനാക്കിയ ഒരാളുടെ അനുഭവം ഇങ്ങനെകുറിക്കുന്നു: ഡോക്റ്റര്‍മാരും നഴ്‌സുമാരും ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതു മുറിയുടെ മൂലയില്‍ നിന്ന് ഇയാള്‍ക്കു കാണാന്‍ കഴിഞ്ഞു എന്നാണ്. ജീവന്‍ രക്ഷായന്ത്രങ്ങളുടെ ശബ്ദം കേള്‍ക്കാനും ഇന്റന്‍സീവ് കെയര്‍ റൂമില്‍ നടന്നതെല്ലാം അക്കമിട്ടുനിരത്താനും കഴിഞ്ഞു, ഇയാള്‍ക്ക്.
യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത 15 ആശുപത്രികളില്‍ നിന്ന് 2,060 രോഗികളെയാണു പഠനത്തിനു വിധേയമാക്കിയത്. 46 ശതമാനം ആളുകള്‍ക്കു സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞു. ഒന്‍പതു ശതമാനം പേര്‍ക്കു മരണം പോലെയുള്ള ചില അനുഭവങ്ങള്‍ ഉണ്ടായി. രണ്ടു ശതമാനം പേര്‍ക്കു കാണാനും കേള്‍ക്കാനും കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ചിലര്‍ക്കു ശരീരത്തിനു പുറത്തുനിന്നു കാണുന്ന രീതിയിലുള്ള അനുഭവങ്ങളുമുണ്ടായി. ഈ മേഖലയില്‍ തുടര്‍പഠനങ്ങള്‍ നടക്കുന്നു.

Top