മയക്കുമരുന്ന് കടത്തിയ ബ്രിട്ടീഷുകാരി വധശിക്ഷ കാത്ത് ഇന്തോനേഷ്യയില്‍

ലണ്ടന്‍: 58-കാരിയായ ലിന്‍ഡ്‌സേ സാന്‍ഡിഫോര്‍ഡിനു തന്റെ വധശിക്ഷ നടപ്പിലാക്കുമ്പോള്‍ മനസിലുള്ളത് ഒരേയൊരു വിഷമം മാത്രം. രണ്ടു വയസുകാരിയായ തന്റെ കൊച്ചുമകളെ ഒരുനോക്കു കാണാന്‍ കഴിഞ്ഞില്ലല്ലോ. മയക്കുമരുന്നു കടത്തിയ കുറ്റത്തിനു പിടിയിലായ ബ്രിട്ടീഷ് വനിത ലിന്‍ഡ്‌സേ സാന്‍ഡിഫോര്‍ഡ് ഇന്തോനേഷ്യന്‍ ജയിലില്‍ വധശിക്ഷ കാത്തുകിടക്കുകയാണ്. തന്റെ കൂടെ സമാന കുറ്റത്തിനു ജയിലില്‍ കിടന്ന പല രാജ്യക്കാരായ കുറ്റവാളികളെ വെടിവച്ചു കൊന്നിട്ടു ദിവസങ്ങള്‍ മാത്രമെ ആയിട്ടുള്ളു. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നയതന്ത്ര ബന്ധങ്ങള്‍ പിന്‍വലിക്കുമെന്നു വരെ ഭീഷണിപ്പെടുത്തിയിട്ടും കുറ്റവാളികളെ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ വെടിവച്ചു കൊലപ്പെടുത്തി. ഇതിനാല്‍ തന്നെ തന്റെ ശരീരത്തിലും വെടിയുണ്ടകള്‍ തളച്ചുകയറാനുള്ള നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞുവെന്നു ലിന്‍ഡ്‌സേ കരുതുന്നു.

പ്രിയപ്പെട്ടവര്‍ക്കു വിടപറഞ്ഞുകൊണ്ടുള്ള കത്തുകള്‍ എഴുതുകയാണ് ഈ മുത്തശ്ശിയിപ്പോള്‍. തന്നെ കൊലപ്പെടുത്താന്‍ കൊണ്ടു പോകുമ്പോള്‍ എല്ലാവരും ധരിക്കുന്നതു പോലെയുള്ള കറുത്ത മുഖം മൂടി താന്‍ ധരിക്കില്ലെന്നാണ് ലിന്‍ഡ്‌സേ പറയുന്നത്. എനിക്കു മരണത്തെ ഭയമില്ലാത്തതിനാലല്ല ഇങ്ങനെ ചെയ്യുന്നത്. എനിക്ക് ഒന്നും മറയ്ക്കാനില്ല. അവരുടെ മുഖം എനിക്കു കാണണം. അവര്‍ എന്നെ വെടിവയ്ക്കുന്ന സമയത്തും; ലിന്‍ഡ്‌സേ പറയുന്നത്.

2012-ല്‍ തായ്‌ലാന്‍ഡില്‍ നിന്നും ബാലിയിലേക്കു വന്ന വിമാനത്തിലാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയത്. താന്‍ മയക്കുമരുന്ന് കടത്തിയെന്നു ലാന്‍ഡ്‌സേ സമ്മതിക്കുന്നുണ്ട്. എന്നാല്‍ തന്റെ മകനെ ഒരു മയക്കുമരുന്നു സംഘം കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ മയക്കുമരുന്നു കടത്താന്‍ സമ്മതിച്ചത്. മരണം എത്തുന്ന സമയത്തു ഭയമില്ലാതിരിക്കുവാന്‍ ലിന്‍ഡ്‌സേ പ്രശസ്തമായ മാജിക്ക് മൊമെന്റസ് എന്ന ഗാനമാണു പാടാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

Top