മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍: പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കളമശേരിയിലെ വാട്ടര്‍ അതോറിറ്റിയുടെ ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചു നല്‍കാന്‍ ഉത്തരവിട്ടതിലൂടെ സര്‍ക്കാരിന് അഞ്ച് കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന ഹര്‍ജിയിലാണ് അന്വേഷണം. എറണാകുളം വിജിലന്‍സ് എസ്.പിക്കാണ് അന്വേഷണ ചുമതല.

ജനവരി ഒന്നിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എറണാകുളം മുന്‍ ജില്ലാ കളക്ടര്‍ ഷേഖ് പരീത് അടക്കമുള്ളവര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവ്.

ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടി ഏറ്റെടുത്തതും ഇപ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ളതുമായ 50 സെന്റ് ഭൂമി അഞ്ച് കുടുംബങ്ങള്‍ക്കായി പതിച്ചു നല്‍കിയെന്നാണ് ആരോപണം. കളമശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജി കെ. ഹരിപാല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

കളമശേരി മുനിസിപ്പാലിറ്റിയില്‍ പള്ളിലാംകര ഭാഗത്ത് ആലുവഎറണാകുളം പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി ഏറ്റെടുത്ത വാട്ടര്‍ അതോറിറ്റിയുടെ ഒരു ഏക്കര്‍ ഭൂമിയില്‍ കയ്യേറി താമസിക്കുന്നവര്‍ക്കാണ് മന്ത്രി പതിച്ചു നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജിക്കാരന് വേണ്ടി അഡ്വ. പി.കെ. സുരേഷ് ബാബു ഹാജരായി.

Top