മദ്യലഹരിയില്‍ യുവതികള്‍ യുവാവിനെ തല്ലിച്ചതച്ചു

ചണ്ഡീഗഡ്: മദ്യലഹരിയിലുണ്ടായ ബഹളത്തില്‍ രണ്ടു യുവതികള്‍ ചേര്‍ന്ന് യുവാവിനെ കൈകാര്യം ചെയ്തു. ചണ്ഡീഗഡില്‍ കഴിഞ്ഞ രാത്രിയില്‍ ചണ്ഡീഗഡിലെ ഒരു ഡാന്‍സ്ബാറിന് പുറത്ത്‌വെച്ച് നടന്ന ആക്രമണത്തില്‍ വരീന്ദര്‍ എന്ന യുവാവിനെ അന്നു, നവി ബ്രാര്‍ എന്നീ യുവതികള്‍ ചേര്‍ന്നാണ് അടിച്ചു തകര്‍ത്തത്. മര്‍ദ്ദനത്തില്‍ യുവാവിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലാക്കി.

ഡാന്‍സ്ബാറിന്റെ പുറത്ത് പാര്‍ട്ട് ചെയ്തിരുന്ന ഒരു കാറും ആക്രമണത്തില്‍ തകര്‍ന്നു. അടിയേറ്റ് തല മുഴുവന്‍ മുറിവുമായി ചോരയൊലിപ്പിച്ചു നിന്ന വരീന്ദറിനെ സഹോദരി എത്തിയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പോലീസ് തങ്ങളുടെ പരാതിക്ക് ഒരു വിലയും കല്‍പ്പിക്കാതെ അക്രമികളായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് വരീന്ദറിന്റെ സഹോദരി ആരോപിച്ചു. മദ്യപിച്ച് ബോധം നശിച്ച നിലയിലായിരുന്നു പെണ്‍കുട്ടികളെന്നും ഇവരെ തടഞ്ഞുവെച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നും എന്നാല്‍ ഇര ഒരു പരാതിയും സമര്‍പ്പിച്ചില്ലെന്നുമാണ് പോലീസിന്റെ നിലപാട്. സമീപവാസികള്‍ തന്നെയാണ് പെണ്‍കുട്ടികളെന്നും പോലീസ് പറയുന്നുണ്ട്.

അതേ സമയം പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് ഇവര്‍ വരീന്ദറിനെ ആക്രമിച്ചതെന്നും കാറില്‍ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞതായുമാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മൂന്ന് പേരും പ്രദേശവാസികളാണ്. ചണ്ഡീഗഡിലെ സെക്ടര്‍ 26 ലായിരുന്നു അക്രമം നടന്നത്. സെക്ടര്‍ 7 ലെ താമസക്കാരനാണ് യുവാവ്. യുവതികള്‍ ഡാന്‍സ്ബാറിന് സമീപത്തെ ഹൗസിംഗ് കോംപഌ്‌സില്‍ താമസിക്കുന്നു

Top