മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗികാരം

കൊച്ചി: സംസ്ഥാനത്തെ മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗികാരം. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കൊപ്പം ഫോര്‍സ്റ്റാര്‍ ബാറുകള്‍ക്കും മാത്രം പ്രവര്‍ത്തനാനുമതി നല്‍കി. ഇതോടെ ഫൈവ് സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്കൊപ്പം 32 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ മാത്രമായിരിക്കും കേരളത്തില്‍ പ്രവര്‍ത്തിക്കുക.

സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. മദ്യനയത്തിലെ ചില ചട്ടങ്ങള്‍ ഹൈക്കോടതി മരവിപ്പിച്ചു. ജസ്റ്റിസ് സുരേന്ദ്രമോഹന്റെ ബഞ്ചാണ് വിധി പറഞ്ഞത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ അറിയിച്ചു.

നിലവാരമില്ലാത്ത 418 ബാറുകള്‍ക്കൊപ്പം ശേഷിച്ച 312 ബാറുകള്‍ കൂടി പൂട്ടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഈ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തുടര്‍ന്ന് ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. വിധി വൈകുന്ന സാഹചര്യത്തില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് ഹൈക്കോടതിയില്‍ തന്നെ തീര്‍പ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

Top