മദ്യനയം:സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു

കൊച്ചി: മദ്യനയം സംബന്ധിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് ഒരു മാസത്തേക്ക് കൂടി തുറന്നു പ്രവര്‍ത്തിക്കാം. ത്രീസ്റ്റാര്‍ ബാര്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. മദ്യനയം വിവേചനപരമെന്നായിരുന്നു ബാറുടമകളുടെ വാദം. ബാര്‍ ഉടമകള്‍ നല്‍കിയ കേസില്‍ ഉത്തരവ് വരുന്നതുവരെ ഒരു മാസത്തേക്കാണ് സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.

ഇതോടെ അടച്ചു പൂട്ടിയ 250 ബാറുകള്‍ക്ക് ഒരു മാസത്തേക്ക് കൂടി തുറന്ന് പ്രവര്‍ത്തിക്കാം. സിംഗിള്‍ ബഞ്ച് ഉത്തരവ് വന്നതിന് പിന്നാലെ സംസ്ഥാനത്തെ 250 ബാറുകളും അടച്ച് പൂട്ടിയിരുന്നു. സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാറിന്റെ മദ്യനയം സിംഗിള്‍ ബെഞ്ച് പൂര്‍ണമായും ശരിവച്ചിട്ടില്ലെന്നും സര്‍ക്കാറിന്റെ മദ്യനയത്തില്‍ വിവേചനമുള്ളതായും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരു മാസത്തേക്കുള്ള സ്റ്റേ തിരിച്ചടിയല്ലെന്ന് മന്ത്രി കെ ബാബു പ്രതികരിച്ചു. എന്നാല്‍ വിധി സ്റ്റേ ചെയ്ത ഡിവിഷന്‍ ബഞ്ച് ഉത്തരവ് ജനതാത്പര്യത്തിന് വിരുദ്ധമാണെന്ന് വിഎം സുധീരന്‍ കുറ്റപ്പെടുത്തി. മദ്യനയം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാറിനാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

Top