ഓ കാതല്‍ കണ്മണി എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് മണിരത്‌നം. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം കാര്‍ത്തി പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ അഭിനയിക്കാന്‍ കാര്‍ത്തി താല്‍പര്യം കാണിച്ചതായി താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കാര്‍ത്തി ഇതു വരെ കരാറൊപ്പിട്ടിട്ടില്ല. ഇക്കാര്യത്തില്‍ വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഈ ചിത്രം മലയാളത്തിലും നിര്‍മിക്കും. മമ്മൂട്ടിയായിരിക്കും ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും.
2004ല്‍ പുറത്തിറങ്ങിയ തമിഴ്-ഹിന്ദി ത്രില്ലര്‍ ആയുധ എഴുത്ത് എന്ന ചിത്രത്തില്‍ മണിരത്‌നത്തിന്റെ അസിസ്റ്റന്റായാണ് കാര്‍ത്തിയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും അതിന്റെ സംവിധാനത്തില്‍ ശ്രദ്ധ പതിപ്പിക്കാനായിരുന്നു കാര്‍ത്തിയുടെ തീരുമാനം. അതിന് ശേഷം പരുത്തിവീരനിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് ചുവടുവച്ചത്.


