മകളുടെ പേര് വിശദീകരണവുമായി പൃഥ്വിരാജ് രംഗത്ത്

മകളുടെ പേരിനെച്ചൊല്ലിയുള്ള സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് വിശദീകരണവുമായി സിനിമാ നടന്‍ പൃഥ്വിരാജ് രംഗത്ത്. പൃഥ്വിരാജ് മകള്‍ക്ക് അലംകൃത മേനോന്‍ എന്നു പേരു നല്‍കിയതാണ് വിവാദമായത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ മകളുടെ പേരിനൊച്ചൊല്ലി അഭിപ്രായമുള്ളവര്‍ക്കായി എന്നു പറഞ്ഞാണ് കുറിപ്പു തുടങ്ങുന്നത്. ജാതീയതയ്ക്കും ജാതീയതയുടെ പേരില്‍ സമൂഹത്തില്‍ ഉണ്ടാകുന്ന വിവേചനങ്ങള്‍ക്കും എതിരെ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുള്ള ആളാണ് ഞാന്‍. ഇപ്പോഴും എപ്പോഴും അത് അങ്ങനെ തന്നെയായിരിയ്ക്കും. മാധ്യമപ്രവര്‍ത്തകയായ തന്റെ ഭാര്യ സുപ്രിയയെ അവരുടെ മിക്ക സഹപ്രവര്‍ത്തകരും അഭിസംബോധന ചെയ്തിരുന്നത് മിസ് മേനോന്‍ എന്നായിരുന്നു. ഇന്നും പലരും അങ്ങനെ തന്നെ വിളിക്കുന്നു. അതുകൊണ്ട് തന്നെ തന്റെ മകളുടെ പേരിലെ മേനോന്‍ തന്നെ സംബന്ധിച്ച് ഒരു പേര് മാത്രമാണ്. അതില്‍ ജാതിയില്ല.

അലംകൃത സുപ്രിയ പൃഥ്വിരാജ് എന്ന പേരിടാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മൂന്നു ഒന്നാം പേരുകള്‍ ഒന്നിച്ചു വരുന്നതിനാല്‍ അതു വേണ്ടെന്നു വച്ചത്. അതിനാല്‍ത്തന്നെ അലംകൃത മേനോന്‍ എന്ന പേരിലെ മേനോന്‍ വെറും പേരു മാത്രമാണ്, അത് ഏതെങ്കിലും ജാതിയെയോ മതത്തെയോ വിശ്വാസത്തെയോ പ്രതിനിധീകരിക്കുന്നതല്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു. പൃഥ്വിരാജ് തന്റെ കുറിപ്പില്‍ പറയുന്നു.

Top