കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്റ് റവന്യു കമ്മിഷണര്‍ ടി. ഒ. സൂരജിന്റെ നിലപാട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി.
നുണപരിശോധന നടത്തുന്ന കാര്യം തീരുമാനിക്കേണ്ടത് സിബിഐ ആണെന്നും കോടതി വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് കോടതിയെ അറിയിച്ചത്. എന്നാല്‍, അന്വേഷണ സംഘം ആവശ്യപ്പെട്ടാല്‍ നുണപരിശോധനയ്ക്കുള്ള സമ്മതം അറിയിക്കാനും കോടതി സൂരജിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
അതേസമയം, കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സൂരജിനേയും പ്രതി ചേര്‍ത്തേക്കുമെന്നു സൂചന. കേസില്‍ സൂരജിന്റെ വിശദീകരണത്തില്‍ അതൃപ്തിയെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഭൂമിയുടെ പോക്കുവരവും തണ്ടപ്പേരും റദ്ദാക്കിയ നടപടിയ്ക്ക് സൂരജ് നല്‍കുന്ന ന്യായീകരണം നിയമപരമായി നിലനില്‍ക്കുന്നതല്ല. സൂരജിനെ പ്രതി ചേര്‍ക്കുന്നതിന് മുന്‍പ് സിബിഐ പ്രോസിക്യൂഷന്‍ അനുമതി തേടി സര്‍ക്കാരിനെ സമീപിക്കുകയും ചെയ്യും.


