കാഠ്മണ്ഡു/ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 2000 -ലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ 5000 വരെയാകാമെന്നു നേപ്പാള്‍ ആശങ്ക പ്രകടിപ്പിച്ചു.
ഇന്നലെ രാവിലെ 11.56ന് റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം ഒരു മിനിറ്റോളം നീണ്ടുനിന്നു. നേപ്പാളില്‍ 80 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. കാഠ്മണ്ഡുവിലെ ലംജംഗാണു പ്രഭവകേന്ദ്രം. 6.6 തീവ്രത രേഖപ്പെടുത്തിയ രണ്ടു മിനിറ്റു നീണ്ടുനിന്ന 16 തുടര്‍ചലനങ്ങളും ഉണ്ടായി. ഇന്ത്യയില്‍ 60 പേരും ടിബറ്റില്‍ 12 പേരും ബംഗ്ലാദേശില്‍ മൂന്നു പേരും മരിച്ചതായാണു റിപ്പോര്‍ട്ട്.
ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേനയുടെ നാലു യുദ്ധവിമാനങ്ങള്‍ നേപ്പാളിലെത്തി. ഭക്ഷണവും ജീവന്‍രക്ഷാ ഉപാധികളുമായി 40 അംഗ രക്ഷാദൗത്യസംഘമാണ് വിമാനങ്ങളിലുള്ളത്. വൈദ്യസഹായ സംഘവും മൊബൈല്‍ ഹോസ്പിറ്റലുകളും ഉടന്‍ നേപ്പാളിലേക്കു തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞു.
നേപ്പാളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യുനെസ്‌കോയുടെ പൈതൃകപട്ടികയിലുള്ള, 19-ാം നൂറ്റാണ്ടിലെ സൈനിക നിരീക്ഷണ ഗോപുരമായ ഭീംസെന്‍ ടവര്‍ ഭൂകമ്പത്തില്‍ തകര്‍ന്നു. ടവറിന്റെ അവശിഷ്ടങ്ങളില്‍നിന്ന് 200 പേരുടെ മൃതദേഹങ്ങള്‍ കണെ്ടടുത്തു. കാഠ്മണ്ഡു താഴ്‌വരയി ല്‍ 250 പേര്‍ മരിച്ചു. നൂറുകണക്കിനു കെട്ടിടങ്ങള്‍ നിലംപൊത്തി. പാലങ്ങളും റോഡുകളും തകര്‍ന്നു. വാര്‍ത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും നിലച്ചു. ദുരന്തത്തെത്തുടര്‍ന്നു കാഠ്മണ്ഡു വിമാനത്താവളം അടച്ചു.
ചൈന, ഭൂട്ടാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ബിഹാര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂകമ്പത്തിന്റെ അലയൊലികളുണ്ടായി. എവറസ്റ്റ് കൊടുമുടിയും പ്രകമ്പനംകൊണ്ടു. ഇതേത്തുടര്‍ന്നുണ്ടായ മഞ്ഞിടിച്ചിലില്‍ എവറസ്റ്റ് ബേസ് ക്യാമ്പിലുണ്ടായിരുന്ന 18 പേര്‍ മരിച്ചു. വിദേശികളും ഗൈഡുകളും ഉള്‍പ്പെടെ നിരവധി പേര്‍ ബേസ് ക്യാമ്പിലുണ്ടായിരുന്നു.
കൂറ്റന്‍ മഞ്ഞുകട്ട ബേസ് ക്യാമ്പിലേക്കു വീണതായും നിരവധി പേര്‍ മരിച്ചതായും റുമേനിയന്‍ പര്‍വതാരോഹകന്‍ അലക്‌സ് ഗാവന്‍ ട്വീറ്റ് ചെയ്തു.125 ഇന്ത്യന്‍ സഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണിവര്‍. നാസിക്കില്‍നിന്നുള്ള 80 പേരടങ്ങുന്ന സംഘം തീര്‍ഥാടനത്തിനാ ണു നേപ്പാളിലെത്തിയത്. 20 പേര്‍ ട്രക്കിംഗിനായാണ് എത്തിയത്. ഇവരുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഹൈദരാബാദില്‍നിന്നു പോയ 25 അംഗ ടൂറിസ്റ്റ് സംഘം കാഠ്മണ്ഡുവില്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. 17നാണ് ഇവര്‍ ഹൈദരാബാദില്‍നിന്നു യാത്ര തിരിച്ചത്.
1934നു ശേഷം നേപ്പാളില്‍ സം ഭവിച്ച ഏറ്റവും ശക്തമായ ഭൂചല നമാണിത്. അന്ന് 8.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 8,500 പേരാണു മരിച്ചത്. നേപ്പാള്‍-ബിഹാര്‍ അതിര്‍ത്തിയായിരുന്നു പ്രഭവ കേന്ദ്രം. ഇന്നലെ ഭൂകമ്പമുണ്ടായ അതേ സ്ഥലങ്ങളില്‍ 15 ദിവസത്തേ ക്ക് തുടര്‍ചലനങ്ങള്‍ ഉണ്ടാകാമെന്നു നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍ജിആര്‍ഐ) ശാസ്ത്രജ്ഞന്‍ ആര്‍. കെ. ഛദ്ദ അറിയിച്ചു.


