രാജ്യം പന്നിപ്പനി ഭീതിയില്‍: ഈ വര്‍ഷം ഇതുവരെ 585 പേര്‍ മരണത്തിന് കീഴടങ്ങി

ന്യൂഡല്‍ഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി പന്നിപ്പനി മരണം വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 585 പേരാണ് രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 100 പേര്‍ മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 8,423 പേര്‍ക്ക് പന്നിപ്പനി ബാധിച്ചിട്ടുണ്ട്.

രാജസ്ഥാന്‍, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ മരണത്തിന് കീഴടങ്ങിയത്. രാജസ്ഥാനില്‍ ഈ വര്‍ഷം 165 പേരും ഗുജറാത്തില്‍ 144 പേരും മദ്ധ്യപ്രദേശില്‍ 76 പേരും മഹാരാഷ്ട്രയില്‍ 58 പേരും മരണത്തിന് കീഴടങ്ങി. 15ാം തിയതി മാത്രം രാജസ്ഥാനില്‍ 12 പേര്‍ മരിച്ചിരുന്നു.

അതേസമയം, ഡല്‍ഹിയിലും തമിഴ്‌നാട്ടിലും പന്നിപ്പനി വ്യാപകമായുണ്ടെങ്കിലും മരണ നിരക്ക് കുറവാണ്. മുന്‍കരുതല്‍ നടപടകിളും സുരക്ഷയും കാരണമാണ് ഇവിടെ മരണ നിരക്ക് കുറയുന്നതെന്നാണ് പറയപ്പെടുന്നത്. പഞ്ചാബില്‍ ഈ വര്‍ഷം 68 പേര്‍ക്ക് പന്നിപ്പനി ബാധിച്ചതില്‍ 25 പേരും മരിച്ചതായി കണക്കുകള്‍ പറയുന്നു.

പന്നിപ്പനി ഏറ്റവും രൂക്ഷമായ രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസേനയെ അയച്ചിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Top