ഭീകര സംഘടനകളുമായി ബന്ധം പുലര്‍ത്തിയ മതപ്രചാരകന്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ അറസ്റ്റില്‍

ബ്രിട്ടണ്‍: നിരോധിത ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഒന്‍പതു പേരെ ലണ്ടന്‍ നഗരത്തില്‍നിന്നു പോലീസ് പിടികൂടി. ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിലെ ഭീകരവിരുദ്ധ വിഭാഗം നഗരത്തിലെ 18 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. ഏതെങ്കിലും തരത്തിലുള്ള ഭീഷണിമൂലമല്ല റെയ്ഡ് നടത്തിയതെന്നും ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ചു നടത്തിവരുന്ന അന്വേഷണത്തിന്റെ ഭാഗമായാണു റെയ്‌ഡെന്നും പോലീസ് വിശദീകരിച്ചു. അല്‍-മുഹാജിറോന്‍ അഥവ ഇസ്‌ലാം ഫോര്‍ യുകെ എന്ന നിരോധിതസംഘടനയുടെ മുന്‍ നേതാവാണ് അറസ്റ്റിലായ ചൗധരി.

22നും 51നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായതെന്നും ഇവരെ സെന്‍ട്രല്‍ ലണ്ടനിലെ പോലീസ് സ്റ്റേഷനുകളില്‍ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. പാക് വംശജനായ മതപ്രചാരകന്‍ ആഞ്‌ജെം ചൗധരിയും അറസ്റ്റിലായവരില്‍പ്പെടുന്നു. പാശ്ചാത്യരാജ്യങ്ങള്‍ മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനുമെതിരേ യുദ്ധം നടത്തുന്നുവെന്നതാണ് ഈ സംഘടനയുടെ പ്രധാന പ്രചാരണം. 2010ല്‍ ഈ സംഘടനയെ ബ്രിട്ടന്‍ നിരോധിച്ചതോടെ നേതാക്കളും പ്രവര്‍ത്തകരും പുതിയ സംഘടനകളിലേക്കു ചേക്കേറുകയായിരുന്നു.

Top