ഭര്‍ത്താവിനെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചിട്ട ഭാര്യ അറസ്റ്റില്‍

ലുധിയാന: ഭര്‍ത്താവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചിട്ട ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം.

2006ലാണ് പാട്ടുകാരനായ ലാഭ് സിങ്ങും ബിന്ദര്‍ കൗറുമായുള്ള വിവാഹം നടന്നത്. ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ എന്നും വഴക്കിടുന്നത് പതിവായിരുന്നു. 2012 ലാണ് ബിന്ദര്‍ കൗര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം വീട്ടിനുള്ളില്‍ കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ കൊന്ന ശേഷം ബിന്ദര്‍ രണ്ട് മക്കളോടുമൊപ്പം വേറെ ഒരു സ്ഥലത്തേക്ക് താമസം മാറ്റുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ജീവിക്കുകയായിരുന്നു ഇവര്‍ ഇത്രയും നാള്‍. പല സ്ഥലങ്ങളിലും ബന്ധുക്കള്‍ അന്വേഷിച്ച് ചെന്നെങ്കിലും ലാഭ് സിങ്ങിനെ കണ്ടെത്താനായിരുന്നില്ല.

സംശയം തോന്നിയ ലാഭ് സിങ്ങിന്റെ സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലാഭ് സിങ്ങിന്റെ അസ്ഥികൂടം നേരത്തേ താമസിച്ച വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

പ്രശസ്തനായ പഞ്ചാബി പാട്ടുകാരനായിരുന്നു കൊല്ലപ്പെട്ട ലാഭ് സിങ്. 15 സംഗീത ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

Top