ഹൈദരാബാദ്: ഡെക്കാണ്‍ ചാര്‍ജേഴ്‌സ് ടീമിന്റെ പുതിയരൂപമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ഐപിഎല്ലില്‍ കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രണ്ടാം സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ചാംപ്യന്മാരായിരുന്നു.
സണ്‍റൈസേഴ്‌സിന് ആ നേട്ടം കൈവരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. മികച്ച വിദേശതാരങ്ങളുണ്ടെങ്കിലും ആഭ്യന്തരതാരങ്ങള്‍ അതേ നിലവാരത്തില്‍ കളിക്കാത്തതാണ് അവരുടെ പ്രശ്‌നം. ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ടീമില്‍ ബാറ്റ്‌സ്മാന്മാരെക്കാള്‍ കൂടുതല്‍ ബൗളര്‍മാരാണ്. ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, രവി ബൊപ്പാര, ശിഖര്‍ ധവാന്‍, കെയ്ന്‍ വില്ല്യംസണ്‍, ലോകേഷ് രാഹുല്‍ എന്നിവരാണ് ടീമിന്റെ പ്രധാന ബാറ്റ്‌സ്മാന്മാര്‍.
പേസ് ബൗളിങ്ങില്‍ ടൂര്‍ണമെന്റിലെ ഏറ്റവും സമ്പന്നമായ നിരയാണ് ടീമിന്റെത്. ഡെയ്ല്‍ സ്റ്റെയ്ന്‍ നയിക്കുന്ന ബൗളിങ്‌നിരയില്‍ ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ, പ്രവീണ്‍ കുമാര്‍, സിദ്ധാര്‍ഥ് കൗള്‍, ന്യൂസിലാന്‍ഡിന്റെ ട്രെന്‍ഡ് ബൗള്‍ട്ട് എന്നിങ്ങനെ നീണ്ട നിരയുണ്ട്. വിദേശ ബൗളര്‍മാരെ ഒഴിച്ചുനിര്‍ത്തിയാല്‍പ്പോലും ടീമിന് മികച്ച ബൗളിങ് ലൈനപ്പ് ഉണ്ടാക്കാന്‍ സാധിക്കും. പ്രധാന സ്പിന്നറായി ടീമിലുള്ളത് കരണ്‍ ശര്‍മയാണ് ലെഗ്‌സ്പിന്നറായ ശര്‍മ മികച്ച റണ്‍ നിയന്ത്രിച്ച് പന്തെറിയുന്നതില്‍ മിടുക്കനാണ്. വിക്കറ്റ് കീപ്പറായി ടീമിലുള്ളത് ഇന്ത്യന്‍ ടീമിലേക്ക് അവസരം കാത്തുകഴിയുന്ന നമന്‍ ഓജയാണ്. കഴിഞ്ഞ സീസണില്‍ ബാറ്റിങ്ങിലും ഓജ മികച്ച പ്രകടനം നടത്തിയിരുന്നു. നാല് വിദേശ താരങ്ങളെ മാത്രമാണ് കളിപ്പിക്കാന്‍ സാധിക്കുകയെന്ന നിയമമാണ് ടീമിന് തിരിച്ചടിയാകുക.
ക്യാപ്റ്റനെന്ന നിലയില്‍ ഡേവിഡ് വാര്‍ണര്‍ ടീമിലെത്തുമ്പോള്‍ സ്‌ട്രൈക്ക് ബൗളറായി ഡെയ്ല്‍ സ്റ്റെയ്‌നും ഇടംപിടിക്കും. മറ്റ് രണ്ട് സ്ഥാനങ്ങളില്‍ ആരെ കളിപ്പിക്കുമെന്നതാണ് ടീം മാനേജ്‌മെന്റിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. രണ്ട് സ്ഥാനത്തിനായി കെയ്ന്‍ വില്ല്യംസണ്‍, കെവിന്‍ പീറ്റേഴ്‌സണ്‍, രവി ബൊപ്പാര മോയ്‌സസ് ഹെന്റിക്വസ്, ഓയിന്‍ മോര്‍ഗന്‍ എന്നിവരാണ് മത്സരിക്കുന്നത് ഇവരില്‍ ആരെ ഉള്‍പ്പെടുത്തുമെന്നതാണ് ടീം മാനേജ്‌മെന്റിനെ കുഴപ്പിക്കുന്നത്. ഫോം പരിഗണിച്ചാല്‍ കെയ്ന്‍ വില്ല്യംസണും കെവിന്‍ പീറ്റേഴ്‌സണും ടീമിലെത്താനാണ് സാധ്യത. ബിഗ് ബാഷില്‍ നടത്തിയ മികച്ച പ്രകടനം പീറ്റേഴ്‌സണ് തുണയാകുമ്പോള്‍ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനായി കളിച്ച ഇന്നിങ്‌സുകള്‍ വില്ല്യംസണെ തുണച്ചേക്കും.


