ബ്ലോഗര്‍ വധം; പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി

ധാക്ക: മതേതര ബ്ലോഗറെ കൊലപ്പെടുത്തിയ പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസാദുസ്മാന്‍ ഖാന്‍ പറഞ്ഞു.

ഇന്നലെയാണ് ബ്ലോഗര്‍ നിലോയ് നീല്‍ ചക്രബര്‍ത്തിയെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് മുസ്ലീം മതമൗലിക വാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അള്ളാഹു അക്ബര്‍ വിളിച്ച് എത്തിയ അക്രമി സംഘമാണ് കൊലപാതകം നടത്തിയതെന്ന് നിലോയിയുടെ ഭാര്യ ആഷാ മോണി പറഞ്ഞു. ബംഗ്ലാദേശില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന നാലാമത്തെ ബ്ലോഗറാണ് നിലോയ്.

അതിനിടെ അല്‍ ഖൊയ്ദ ഇന്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് എന്ന സംഘടനയുടെ ബംഗ്ലാദേശി ശാഖയായ അന്‍സര്‍ അല്‍ഇസ്ലാം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മതേതര ബ്ലോഗര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷ്ണലും ആവശ്യപ്പെട്ടു.

Top