ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകനെ ഐഎസ് തീവ്രവാദികള്‍ തലയറുത്ത് കൊല്ലുന്ന വീഡിയോ പുറത്ത്

യുകെ: സിറിയയില്‍ നിന്ന് പിടികൂടിയ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ അലന്‍ ഹെന്നിംഗിനെയും ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ ശിരച്ഛേദം ചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹത്തെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. മുസ്‌ലീം സുഹൃത്തുകള്‍ക്കൊപ്പം സിറിയയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായവുമായി പോകുന്നവഴിയാണ് ഹെന്നിംഗ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിലാകുന്നത്. സിറിയയിലെ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്കു ഭക്ഷണവും വെളളവുമായി പോയ ആംബുലന്‍സിന്റെ ഡ്രൈവറായിരുന്നു ഹെന്നിംഗ്.

തലയറുത്ത് കൊല്ലുന്ന വീഡിയോ ഭീകരപ്രവര്‍ത്തകര്‍ വെള്ളിയാഴ്ച പുറത്തുവിട്ടു. ഹെന്നിംഗിനെ മുട്ടില്‍ നിര്‍ത്തിയശേഷം കത്തിയും പിടിച്ച് ഒരു ഭീകരപ്രവര്‍ത്തകന്‍ സമീപത്ത് നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഹെന്നിംഗിനെ കൊലപ്പെടുത്തിയതായി ഭീകരപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. എന്നാല്‍ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഇല്ല. വീഡിയോയുടെ അവസാനം അമേരിക്കന്‍ പൗരനെ ഭീകരപ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തുന്നതും കാണാം.

അമേരിക്കന്‍ പ്രസിഡന്റെ ബരാക്ക് ഒബാമയോട് സിറിയയിലെ വ്യോമാക്രമണം അവസാനിപ്പിക്കാന്‍ മുഖം മൂടി ധരിച്ച ഭീകരപ്രവര്‍ത്തകന്‍ വീഡിയോയില്‍ ആവിശ്യപ്പെടുന്നുണ്ട്. ഒബാമ, നിങ്ങള്‍ സിറിയയിലെ ഞങ്ങളുടെ ആളുകളുടെ നേര്‍ക്ക് ആക്രമണം നടത്തുന്നതിനാല്‍ നിങ്ങളുടെ ആളുകളെ ആക്രമിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട് മുഖംമൂടി ധരിച്ച ഭീകരപ്രവര്‍ത്തകന്‍ പറയുന്നു.

Top