ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: വീണ്ടും ഡേവിഡ് കാമറൂണ്‍

ലണ്ടന്‍: എക്‌സിറ്റ് പോള്‍ ഫലങ്ങളെ അപ്രസക്തമാക്കി ഡേവിഡ് കാമറൂണ്‍ ബ്രിട്ടന്റെ അധികാരകസേരയിലേക്ക്. പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം ലേബര്‍ പാര്‍ട്ടിയെ പിന്തള്ളി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തുടര്‍ഭരണം പിടിക്കുമെന്ന് ഉറപ്പായി.
ഏറ്റവും അവസാനം ലഭ്യമായ കണക്കനുസരിച്ച് ആകെയുള്ള 650 സീറ്റുകളില്‍ 639 എണ്ണത്തിന്റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ 324 സീറ്റുകള്‍ നേടി. ലേബറുകള്‍ക്ക് 228, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി- 56, ലിബറല്‍ ഡെമോക്രാറ്റ്‌സ്- 8, ഡിയുപി 8, മറ്റുള്ളവര്‍ 15 എന്നിങ്ങനെയാണു സീറ്റുനില. ഭൂരിപക്ഷത്തിനാവശ്യമായ 326 സീറ്റുകള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് ഒറ്റയ്ക്കു ലഭിച്ചില്ലെങ്കില്‍ ചെറുപാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആലോചന തുടങ്ങി.

തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ ലേബര്‍ പാര്‍ട്ടി പരാജയം അംഗീകരിച്ച നിലയിലാണ്. സര്‍ക്കാര്‍ രൂപീകരണം അസാധ്യമാണെന്നു ബോധ്യമായതോടെ നേതാവ് എഡ് മിലിബാന്‍ഡ് പരാജയം സമ്മതിച്ചു രംഗത്തുവന്നിട്ടുണ്ട്.

അതേസമയ,ം യുകെയില്‍നിന്നു സ്‌കോട്‌ലന്‍ഡിന്റെ മോചനത്തെ പിന്തുണയ്ക്കുന്ന സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ചരിത്ര വിജയം അപ്രതീക്ഷിതമായി. നിലവില്‍ 56 സീറ്റുകള്‍ തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്ത എസ്എന്‍പി ഫലത്തില്‍ പല സീറ്റുകളിലും ലേബറുകളുടെ ജയസാധ്യതയാണ് ഇല്ലാതാക്കിയതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

നിക്കോള സ്റ്റര്‍ജിയോണിന്റെ എസ്എന്‍പിയുടെ പടയോട്ടമാണ് സ്‌കോട്‌ലന്‍ഡിലെമ്പാടും പ്രകടമായത്. ജിം മര്‍ഫി, ഡഗ്ലസ് അലക്‌സാണ്ടര്‍ തുടങ്ങിയ വമ്പന്മാരുടെ കടപുഴകലിനും എസ്എന്‍പി കാരണഭൂതരായി. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണു നേരിട്ടത്. മന്ത്രിമാരായ വിന്‍സ് കേബിള്‍, എഡ്.ഡേവി, ജോ സ്വിന്‍സണ്‍, സൈമണ്‍ ഹ്യൂഗ്‌സ് തുടങ്ങിയ പ്രമുഖര്‍ പരാജയപ്പെട്ടവരില്‍പെടുന്നു.

സൗത്ത് താനെറ്റിലെ ജയത്തെ ആശ്രയിച്ചായിരിക്കും നിഗെല്‍ ഫാരേജിന്റെ യുകെഐപി നേതൃസ്ഥാനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഷാഡോ ചാന്‍സലര്‍ എഡ് ബാള്‍സിന്റെ പരാജയം ലേബറുകള്‍ക്ക് കനത്ത ആഘാതമായി. 422 വോട്ടുകള്‍ക്കാണ് ആധുനിക രാഷ്ട്രീയത്തിലെ ഏറ്റവും ശല്യക്കാരനായ വ്യക്തിയെന്നു ഡേവിഡ് കാമറൂണ്‍ വിശേഷിപ്പിച്ച എഡ് ബാന്‍സ് തോറ്റത്.

Top