ബോളിവുഡ് താരം അശുതോഷ് റാണ മലയാളത്തില്‍ അഭിനയിക്കുന്നു

തൊണ്ണൂറുകളിലെ ദുഷ്മന്‍, സംഘര്‍ഷ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം അശുതോഷ് റാണ മലയാളത്തില്‍ അഭിനയിക്കുന്നു. നവാഗതനായ സാജന്‍ കെ. മാത്യു സംവിധാനം ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ഡേ എന്ന കുറ്റാന്വേഷണ ചിത്രത്തിലാണ് അശുതോഷ് ഒരു അധോലോക നായകന്റെ വേഷം അവതരിപ്പിക്കുന്നത്.

ഇതാദ്യമായാണ് അശുതോഷ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. ആസിഫ് അലി, സണ്ണി വെയിന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

അധോലോക നായകന്റെ വേഷം അവതരിപ്പിക്കുന്നതിന് അനുയോജ്യനായ ഒരു താരത്തേയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായില്ല. അങ്ങനെ തങ്ങള്‍ അശുതോഷിലെത്തിയെന്നും അദ്ദേഹം ഈ കഥാപാത്രത്തിന് പറ്റിയ ആളാമെന്നും സംവിധായകന്‍ വ്യക്തമാക്കി. ഇതൊരു ആക്ഷന്‍ കോമഡി ചിത്രം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയ അരുണ്‍ ഗോപിനാഥാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. സെപ്തംബര്‍ അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

Top