ബോളിവുഡില്‍ വീണ്ടും ഡബിള്‍ റോള്‍ തരംഗം

ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനമായ ബോളിവുഡില്‍ വീണ്ടും ഇരട്ടകളുടെ കാലമാണ് വരാനിരിക്കുന്നതെന്നാണു സൂചന. മുന്‍ നിര താരങ്ങളെല്ലാം ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന സിനിമകളുടെ ഷൂട്ടിങ് ബി ടൗണില്‍ തുടങ്ങി കഴിഞ്ഞു. മസില്‍ഖാന്‍ സല്‍മാന്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍. സൂരജ് ഭാട്ടിയ സംവിധാനം ചെയ്യുന്ന പ്രേം രത്‌നന്‍ ധന്‍ പായോ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ ഇരട്ട വേഷത്തില്‍ എത്തുന്നത്.

പുരാണകഥയെ പ്രമേയമാക്കിയാണ് സിനിമ ഒരുക്കുന്നത്. രാജാവിന്റെ റോളിലാണ് ഒരു സല്‍മാന്‍ എത്തുന്നതെങ്കില്‍ സാധാരണക്കാരന്റെ റോളിലാണ് രണ്ടാമത്തെ റോള്‍. ബിഗ് ബജറ്റ് ചിത്രമാണ് സൂരജ് ഭാട്ടിയ ഒരുക്കുന്നതെന്നാണു ബോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. വന്‍കിട ഗ്രാഫിക് സംവിധാനങ്ങളും മറ്റും സിനിമയ്ക്കായി ഉപയോഗിക്കുന്നു. രാജാവിന്റെ വേഷത്തില്‍ എത്തുന്ന സല്‍മാന് മാത്രമായി 15 തരം ഡിസൈനുകളാണ് പരീക്ഷിക്കുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക.

ഒരിടവേളയ്ക്ക് ശേഷം ഡബിള്‍ റോളില്‍ എത്താനുള്ള തയാറെടുപ്പിലാണ് ഷാരുഖ് ഖാന്‍. ഫാന്‍ എന്ന ചിത്രത്തിലാണ് ഷാരുഖ് രണ്ടു റോളില്‍ എത്തുക. ഷാരുഖ് ഖാന്‍ തന്നെയായിട്ടായിരിക്കും ഒരു റോള്‍. ഷാരുഖിന്റെ ആരാധകന്റെ വേഷത്തിലായിരിക്കും രണ്ടാമത്തെ റോള്‍. കടുത്ത ആരാധകനായ യുവാവ് ഷാരുഖ് ഖാനെ നേരില്‍ കാണാന്‍ എത്തുന്നതാണ് സിനിമയുടെ പ്രമേയം.

ഷാരുഖിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ ഒരാരാധകന്‍ അദ്ദേഹത്തെ കാണാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണു സിനിമ ഒരുക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡബിള്‍ റോള്‍ ചെയ്യുന്നതു ഷാരുഖിന് പുതിയ കാര്യമൊന്നുമല്ല. ഡോണ്‍, ഡൂപ്ലിക്കേറ്റ് തുടങ്ങിയ സിനിമകളില്‍ രണ്ടു വേഷത്തില്‍ എത്തി ബോളിവുഡിന്റെ ബാദ്ഷ ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട്.

Top