ബോധ്ഗയയെ രാജ്യത്തിന്റെ ആത്മീയ തലസ്ഥാനമാക്കുമെന്ന് നരേന്ദ്ര മോഡി

ബോധ്ഗയ: ബോധ്ഗയയെ രാജ്യത്തിന്റെ ആത്മീയ തലസ്ഥാനമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബോധ്ഗയയെ ‘ജ്ഞാനോദയത്തിന്റെ ഭൂമി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും ബുദ്ധന്റെ ലോകവും തമ്മിലുള്ള സംസ്‌കാരത്തിന്റെ കൂടിച്ചേരലാണിത്. മഹാബോധി ക്ഷേത്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോകത്താകമാനമുള്ള ബുദ്ധഭിക്ഷുകള്‍ തീര്‍ത്ഥാടനത്തിനായി ബോധ് ഗയയില്‍ എത്താറുണ്ട്. ഇന്ത്യയുടെ എല്ലാ ബുദ്ധ സഹോദര രാജ്യങ്ങള്‍ക്കും ഗവണ്‍മെന്റ് എല്ലാ പിന്തുണയും നല്‍കുമെന്ന് മോഡി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു, അടല്‍ ബിഹാരി വാജ്‌പെയ് എന്നിവര്‍ക്ക് ശേഷം ഇവിടെ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അത് ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമി ദിനമായതിനാല്‍ ഏറെ പ്രത്യേകതയുണ്ടെന്നും മോഡി പറഞ്ഞു.

ഗൗതമ ബുദ്ധനും ശ്രീകൃഷ്ണനും ലോകത്തെ ധാരാളം പഠിപ്പിച്ച വ്യക്തികളാണ്. ബുദ്ധനെ അദ്ദേഹം ഇന്ത്യയുടെ കിരീടത്തിലെ രത്‌നമെന്നാണ് വിശേഷിപ്പിച്ചത്. ബുദ്ധന്‍ ഹിന്ദു മതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവനും പരിഷ്‌കര്‍ത്താവാണ്. ഇന്ത്യയിലെ ഹിന്ദു മതത്തിന്റെ ഗുണമേന്മയ്ക്ക് കാരണം പല ആത്മീയാചാര്യന്മാരാണെന്നും അതില്‍ പ്രമുഖന്‍ ശ്രീബുദ്ധനാണെന്നും മോഡി വ്യക്തമാക്കി.

Top