ബി.ജെ.പിയെ വീഴ്ത്താന്‍ മമതയുടെ ‘ചായ ചര്‍ച്ച’; കോണ്‍ഗ്രസിന് ക്ഷണമില്ല

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിക്കാന്‍ മമതയുടെ നേതൃത്വത്തില്‍ ‘ബി.ജെ.പി വിരുദ്ധ’ രാഷ്ട്രീയ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗം ചേരും.

ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍.സി.പിയുടെ ഡല്‍ഹി ആസ്ഥാനത്ത് ചേരുന്ന ‘ചായ ചര്‍ച്ച’യില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. എന്നാല്‍, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് യോഗത്തില്‍ പങ്കെടുക്കും.

ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും യോഗത്തിലേക്ക് തങ്ങളുടെ പാര്‍ട്ടി പ്രതിനിധികളെ അയക്കുമെന്നാണ് സചന. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളും ചര്‍ച്ചയില്‍ പങ്കെടുക്കും.

ബിഹാറിലെ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യു-ആര്‍.ജെ.ഡി സഖ്യത്തിന്റെ പങ്കാളികള്‍ കൂടിയായ കോണ്‍ഗ്രസിനെ യോഗത്തിലേക്ക് മമത ക്ഷണിച്ചിട്ടില്ല.

തൃണമൂല്‍ കോണ്‍ഗ്രസ് ബിഹാറില്‍ മത്സരിക്കുന്നില്ലെങ്കിലും ബി.ജെ.പി വിരുദ്ധ യോഗത്തിലൂടെ പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കാന്‍ കൂടിയാണ് മമതയുടെ പുതിയ നീക്കം. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ എ.എ.പിയും ബിഹാറില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Top