ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും

പാട്‌ന: ബിഹാറില്‍ നടക്കാന്‍ പോവുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവും. നിതീഷും ആര്‍.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവും സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ലാലുവാണ് നിതീഷിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതെന്നും യോഗത്തിനു ശേഷം മുലായം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ചിരിക്കുന്ന ആര്‍.ജെ.ഡി-ജെഡിയു സഖ്യത്തില്‍ കോണ്‍ഗ്രസും ചേരുമെന്ന് നിതീഷ് കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ടെന്നും നിതീഷ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി താന്‍ ചര്‍ച്ച നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരാമവധി പെട്ടിയിലാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ലാലു പ്രസാദ് പറഞ്ഞു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും ലാലു വ്യക്തമാക്കി. ആര്‍.ജെ.ഡി കുടുംബത്തില്‍ നിന്ന് ആര്‍ക്കും തന്നെ മുഖ്യമന്ത്രി ആവാന്‍ താല്‍പര്യമില്ലെന്നും ലാലു കൂട്ടിച്ചേര്‍ത്തു.

243 അംഗ നിയമസഭയില്‍ ജെ.ഡി(യു)വിന് 115 സീറ്റാണുള്ളത്. ബി.ജെ.പിക്ക് 91, ആര്‍.ജെ.ഡി 22,കോണ്‍ഗ്രസ് 4, മറ്റുള്ളവര്‍ 11 എന്നിങ്ങനെയാണ് കക്ഷിനില. സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

Top