ബിജെപി 250 സീറ്റില്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ മത്സരിക്കും

മുംബൈ: മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പില്‍ 250 സീറ്റുകളില്‍ മത്സരിക്കാന്‍ ബിജെപി തീരുമാനമായി. സീറ്റ് വിഭജന ചര്‍ച്ചകളില്‍ തീരുമാനമാകാതെ വന്നതോടെ ഭരണ പ്രതിപക്ഷ സഖ്യങ്ങള്‍ തകര്‍ന്നതിനു പിന്നാലെയാണ് ബിജെപിയും എന്‍സിപിയും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങുന്നത്. അതേസമയം എന്‍സിപി മുഴുവന്‍ സീറ്റുകളിലും മത്സരിക്കില്ലെന്ന് അറിയിച്ചു. മഹാരാഷ്ട്രയില്‍ മൂന്നാം മുന്നണി അധികാരത്തിലെത്തുമെന്നും എന്‍സിപി നേതൃത്വം പറഞ്ഞു.

151 സീറ്റില്‍ മത്സരിക്കുമെന്ന നിലപാടില്‍ വീട്ടുവീഴ്ചയ്ക്കില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ആവര്‍ത്തിച്ചതോടെയാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനിപ്പിച്ച് വേര്‍പിരിയാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്. 288 നിയമസഭാ സീറ്റുകളില്‍ 135 സീറ്റുകള്‍ വേണമെന്ന് ബിജെപി നിര്‍ബന്ധം പിടിച്ചതിനെ തുടര്‍ന്ന് സഖ്യത്തില്‍ വിള്ളലുണ്ടായത്. എന്നാല്‍ 119 സീറ്റുകള്‍ നല്‍കാമെന്നായിരുന്നു ശിവസേനയുടെ നിലപാട്.

കുറഞ്ഞത് 135 സീറ്റും മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കണമെന്നുമുള്ള എന്‍സിപിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളിയതോടെയായിരുന്നു 15 വര്‍ഷം നീണ്ട സഖ്യം അവസാനിപ്പിക്കാന്‍ എന്‍സിപി തീരുമാനിച്ചത്.

Top