ബിജെപി നേതാവിനോട് വീട് ഒഴിയാന്‍ എഎപി

ന്യൂഡല്‍ഹി: ബിജെപി നേതാവ് വിജയ് കുമാര്‍ മല്‍ഹോത്രയോട് ഡല്‍ഹിയിലുള്ള വസതി ഒഴിയുവാന്‍ എഎപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 1990 മുതല്‍ ഡല്‍ഹിയിലുള്ള ഈ വസതിയില്‍ താമസമാക്കിയ വിജയ് കുമാര്‍ മല്‍ഹോത്ര വാടക ഇനത്തില്‍ ഏഴു ലക്ഷം രൂപ കൂടി വീട് ഒഴിയുന്നതിന് മുമ്പ് നല്‍കണം. ഡല്‍ഹി സര്‍ക്കാറിന്റെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് മല്‍ഹോത്ര താമസിക്കുന്ന വീട് ഉള്‍പ്പെട്ടിരിക്കുന്നത്.

ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് ജഗതീഷ് ടൈറ്റ്‌ലറെ പരാജയപ്പെടുത്തി എംപിയായ സമയം മുതല്‍ വിജയ് കുമാര്‍ ഈ വസതിയിലാണ് താമസിക്കുന്നത്. 2009-ല്‍ വീണ്ടും സര്‍ക്കാര്‍ മല്‍ഹോത്രയ്ക്ക് ഇതെ വീട് അനുവദിച്ചു നല്‍കുകയായിരുന്നു. അന്ന് അദ്ദേഹം ഡല്‍ഹി നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. രണ്ടു മാസത്തെ സമയം വീട് ഒഴിയുവാന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് അനുവദിച്ചു നല്‍കിയിട്ടുണ്ട്.

Top