ലീഗിനെ പ്രകീര്‍ത്തിച്ച ഷീനഷുക്കൂര്‍ കഴിവുള്ള വ്യക്തിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂര്‍ കഴിവുള്ള വ്യക്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ അവിടെ നടക്കുന്ന പ്രതിഷേധങ്ങള്‍ തങ്ങള്‍ സംഘടിപ്പിച്ചതല്ലെന്നും കോടിയേരി വ്യക്തമാക്കി.

പ്രമോഷന്‍ കിട്ടാന്‍ വേണ്ടിയാണ് തന്റെ സ്ഥാന ലബ്ധിക്ക് പിന്നില്‍ ‘പച്ച’ യാണെന്ന് അവര്‍പറഞ്ഞത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തെത്തിയാല്‍ പിന്നെ അത് പറഞ്ഞ് നടക്കുന്നത് ശരിയല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പ്രൊ വൈസ് ചാന്‍സലര്‍ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ കക്ഷി ഭേദമന്യേ പ്രതിഷേധം ശക്തമായിരിക്കെയാണ് പരോക്ഷമായി അവര്‍ക്ക് ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ നല്‍കുന്ന പരാമര്‍ശം കോടിയേരിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

അതേസമയം എസ്എന്‍ഡിപി ബിജെപിയുമായി യോജിക്കില്ലെന്ന വെള്ളാപ്പള്ളിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി പറഞ്ഞു. നിലപാടില്‍ വെള്ളാപ്പള്ളി ഉറച്ച് നില്‍ക്കുമോയെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ തോറ്റിരുന്നു. ഈ യാഥാര്‍ത്ഥ്യം എസ്എന്‍ഡിപി നേതൃത്വം തിരിച്ചറിയണമെന്നും കോടിയേരി വ്യക്തമാക്കി.

സാമൂദായിക സംഘടനകളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ചുള്ള പരീക്ഷണം പരാജയപ്പെടും. നേരത്തെ കോണ്‍ഗ്രസ് പരീക്ഷിച്ചു പരാജയപ്പെട്ട കാര്യം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top